തേക്കടിയിൽ വനംവകുപ്പ് പാർക്കിഗ് ഫീസ് പിരിക്കുന്നതിലും ബോട്ട് ടിക്കറ്റ് വിൽപ്പനയിലും ക്രമക്കേട് നടക്കുന്നതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 19500 രൂപയുടെ കുറവും വിജിലൻസ് കണ്ടെത്തി

വനംവകുപ്പിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശന ഫീസിനത്തിലും വനവിഭവങ്ങൾ വിറ്റു കിട്ടുന്നതിലൂടെയും ലഭിക്കുന്ന തുക ട്രഷറിയിൽ അടക്കാതെ ക്രമക്കേട് നടത്തുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഓപ്പറേഷൻ ജംഗിൾ സഫാരി എന്ന പേരിൽ വിജിലൻസ് പരിശോധന നടത്തിയത്. ഇടുക്കിയിൽ എട്ടു സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.
ഇതിൽ തേക്കടിയിൽ നടത്തിയ പരിശോധനയിലാണ് വിവിധ തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയത്. കോട്ടയം വിജിലൻസ് റെയ്ഞ്ച് ഡിവൈഎസ് പി വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. തേക്കടിയിലേക്കുള്ള വാഹനങ്ങൾ ആനവച്ചാലിലെ വനംവകുപ്പ് സ്ഥലത്താണ് പാർക്ക് ചെയ്യുന്നത്. ഇവിടുത്തെ പാർക്കിംഗ്, പ്രവേശന ഫീസ് ഇനങ്ങളിലാണ് 19500 രൂപയുടെ കുറവ് കണ്ടെത്തിയത്. പാർക്കിംഗ് ഗ്രൗണ്ടിൽ ജോലി ചെയ്യുന്ന രണ്ട് വാച്ചർമാരുടെ ഗൂഗിൾ പേയിലേക്ക് കുമളിയിലെ ഹോട്ടൽ ജീവനക്കാരും ടൂറിസം രംഗത്തുള്ളവരും സ്ഥിരമായി പണം അയക്കുന്നുണ്ട്.ഇത് അനധികൃതമായ സഹായങ്ങൾ ചെയ്യുന്നതിനാണെന്നാണ് കണ്ടെത്തൽ. ഇതുവഴി മാസം തോറും നാൽപതിനായിരം രൂപയോളമാണ് ഇവർ സമ്പാദിക്കുന്നത്. പാർക്കിംഗ് ഫീസ് പിരിക്കുന്നവരും തങ്ങളുടെ ഗൂഗിൾ പേവഴി പണം സ്വീകരിക്കുന്നുണ്ട്.
കൗണ്ടറിൽ പണം സ്വീകരിക്കാൻ ഉപയോഗിക്കുന്ന യന്ത്രത്തിലെ വിവരങ്ങൾ അടുത്ത ദിവസം നീക്കം ചെയ്യുന്നത് അട്ടിമറി നടത്താനാണെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. വനംവകുപ്പ് നടത്തിയ ഫയർലൈൻ നിർമ്മാണം ഉൾപ്പെടെയുള്ളവയും സംഘം പരിശോധിച്ചു. തേക്കടിയിലുള്ള കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ രേഖകളും വിജിലൻസ് പരിശോധിച്ചു.