വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ മാതാപിതാക്കൾക്ക് ഹൈക്കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് സമൻസ്; പ്രതി അർജുന്റെ അച്ഛൻ നൽകിയ പരാതിയെ തുടർന്നാണ് കുടുംബത്തിലെ മൂന്നുപേർക്ക് സമൻസ് നോട്ടീസ് വന്നിരിക്കുന്നത്

വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയ ത്തിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട 6 വയസ്സുകാരിയുടെ മാതാപിതാക്കൾ അടുത്ത മാസം മൂന്നാം തീയതി ഹൈക്കോടതിയിൽ ഹാജരാകണം എന്ന് കാണിച്ച് സമൻസ് നോട്ടീസ് ലഭിച്ചതായാണ് പെൺകുട്ടിയുടെ പിതാവ് അറിയിച്ചിരിക്കുന്നത്. കേസിലെ പ്രതിയായ അർജുന്റെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് പെൺകുട്ടിയുടെ കുടുംബത്തിലെ മൂന്നുപേർക്ക് സമൻസ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.ഡിസംബർ 14ന് പെൺകുട്ടിയുടെ കൊലപാതക കേസിലെ പ്രതിയെ വെറുതെ വിട്ടു കൊണ്ടുള്ള കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതിയുടെ വിധി വന്ന നിമിഷം പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും പ്രതിയെ കൊലപ്പെടുത്തുമെന്ന് ആക്രോശിച്ചതിന്റെ പേരിൽ പ്രതിയുടെ പിതാവ് സമർപ്പിച്ച പരാതിയിൻമേലാണ് തങ്ങൾ കോടതിയിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമൻസ് ലഭിച്ചതെന്നും,കേസിൽ അപ്പീലിന് ഹൈക്കോടതിയെ സമീപിക്കുവാനുള്ള ഒരുക്കങ്ങൾക്കിടെ ഇത് അട്ടിമറിക്കുന്നതിനായി പ്രതിയുടെ അച്ഛനും അഡ്വക്കേറ്റും മനപ്പൂർവ്വം ഒരുക്കുന്ന ശ്രമമാണ് ഇതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
തങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെടുകയും കൊലപാതക കേസിൽ നീതി ലഭിക്കാത്ത അവസ്ഥയാണ് സംഭവിച്ചിരിക്കുന്നത് എന്നും വിധി വന്നതിനുശേഷം പ്രതി ഭാഗത്തു നിന്നും മാനസികമായ സമ്മർദ്ദങ്ങൾ പലരിലൂടെയും തങ്ങളെ അടിച്ചേൽപ്പിക്കുകയാണെന്നും പെൺകുട്ടിയുടെ പിതാവ് പറയുന്നു. നീതി ലഭിക്കാത്ത സാഹചര്യത്തിൽ മാനസിക വിഷമത്താൽ കഴിയുന്ന തങ്ങൾക്ക് നേരെയുള്ള പ്രതിഭാഗത്തിന്റെ ഈ നടപടിയിൽ സർക്കാർതല ഇടപെടൽ ഉണ്ടാവണമെന്നും പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു.