മൂന്നാറിൽ കാട്ടാനയെ കണ്ട് ഭയന്ന് ഓടുന്നതിനിടയിൽ വീണ് തൊഴിലാളി സ്ത്രീകൾക്ക് പരിക്കേറ്റു
മൂന്നാറിൽ കാട്ടാനയെ കണ്ട് ഭയന്ന് ഓടുന്നതിനിടയിൽ വീണ് തൊഴിലാളി സ്ത്രീകൾക്ക് പരിക്കേറ്റു. ഗൂഡാർവിള എസ്റ്റേറ്റിൽ ഓൾഡ് ദേവികുളം സ്വദേശികളായ ശക്തി, ഫിലോമിന എന്നിവർക്കാണ് പരിക്കേറ്റത്.
തൊട്ടു മുമ്പിലെത്തിയ കാട്ടാനയെ കണ്ട് പരിഭ്രമിച്ച് ഓടുന്നതിനിടയിൽ തൊഴിലാളികൾ വീഴുകയും പരിക്കേൽക്കുകയുമായിരുന്നു. പരിക്കേറ്റവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലാളികൾ തേയിലത്തോട്ടത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോഴായിരുന്നു കാട്ടാനയുടെ മുമ്പിൽ പെട്ടത്. തൊട്ടടുത്ത് ഉണ്ടായിരുന്ന ആനയുടെ മുമ്പിൽ നിന്നും തലനാരിഴക്കാണ് ഇരുവരും രക്ഷപെട്ടത്.
ഒപ്പമുണ്ടായിരുന്ന രണ്ടു തൊഴിലാളികൾ മറ്റൊരു വഴിയിലൂടെ ഓടി രക്ഷപെട്ടു.ദേവികുളം, ലോക്കാട് തുടങ്ങിയ എസ്‌റ്റേറ്റുകളിലെ ജനവാസ മേഖലകളിൽ ഇറങ്ങി നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന പടയപ്പക്കു പുറമേ മറ്റു തോട്ടങ്ങളിലും കൊമ്പൻമാർ എത്തുന്നത് പതിവാണ്.ഇതോടെ തൊഴിലാളികൾ വലിയ പരിഭ്രാന്തിയിലാണ്.



