സൈനിക സേവനം പൂർത്തിയാക്കി ചെറുതോണിയിലേക്ക് മടങ്ങിയെത്തുന്ന അജ്മൽ എം.എ. ക്ക് ആദരവ് നവംബർ 14 ന്
ചെറുതോണി: വോളിബോൾ മൈതാനത്ത് പന്തിനുപിന്നാലെ പാഞ്ഞുനടന്ന ബാല്യത്തിൽനിന്ന് രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്ന സൈനികജീവിതത്തിലേക്ക്. രാജ്യത്തിന് എക്കാലത്തും അഭിമാനിക്കാവുന്ന ഓപ്പറേഷൻ സിന്ദൂറിൽ പങ്കാളിയായി കളിക്കളത്തിലെ ആവേശവും രാജ്യസേവനത്തിന്റെ അഭിമാനവും ഒരുപോലെ നെഞ്ചേറ്റിയ മണിയാറൻകുടി മാങ്കുഴിയിൽ അജ്മൽ എം.എ. 16 വർഷത്തെ സൈനികസേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോൾ, ആ ജീവിതയാത്രയ്ക്ക് ആദരമർപ്പിക്കാനൊരുങ്ങുകയാണ് നാടിന്റെ കായികലോകം. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി സൈനിക ദൗത്യങ്ങളിൽ പങ്കാളിയായ അജ്മൽ ഒക്ടോബർ 31നാണ് ഹവിൽദാറായി ഇന്ത്യൻ സൈന്യത്തിൽനിന്ന് വിരമിച്ചത്.
വോളിബോളിനോടുള്ള ഇഷ്ടമാണ് അജ്മലിനെ സൈനികജീവിതത്തിലേക്കുള്ള വഴിയിൽ എത്തിച്ചതെന്നു പറയാം. പിതാവ് അലി വോളിബോൾ പ്രേമിയായിരുന്നു. അദ്ദേഹത്തോടൊപ്പം വയലാർ ക്ലബ്ബിൽ കളി കാണാനും കളിക്കാനുമൊക്കെ പോയിരുന്ന ബാലനിൽ പതിയെ ആ കായികവിനോദത്തോടുള്ള താൽപര്യം വളർന്നു. മണിയാറൻകുടി സ്കൂളിൽ ഏഴാം ക്ലാസ് വരെയുള്ള പഠനത്തിനുശേഷം വോളിബോളിനെ ഗൗരവത്തോടെ സമീപിച്ച അജ്മൽ പിന്നീട് കായികരംഗത്ത് സ്വന്തം ഇടം കണ്ടെത്തുകയായിരുന്നു.
2006ൽ വാഴത്തോപ്പ് സെന്റ് ജോർജ് വോളിബോൾ അക്കാദമിയിൽ വോളിമ്പോൾ കോച്ച് പയസ് മാത്യുവിന്റെ പരിശീലനത്തിലൂടെ കളിയിലെ മികവ് മെച്ചപ്പെടുത്തി. കഠിനാധ്വാനവും പരിശീലനവും ഫലം കണ്ടതോടെ 2008ൽ കേരള ജൂനിയർ ടീമിൽ ഇടംനേടി. ഓൾ ഇന്ത്യ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി കളിക്കാനായതും കരിയറിലെ പ്രധാന നേട്ടമായി. 2009ൽ പാലാ സെന്റ് തോമസ് കോളേജിലെ അധ്യാപകനായ നവാസിന്റെ കീഴിൽ പരിശീലനം തുടർന്നതോടെ കളിയിലെ മികവിന് കൂടുതൽ കരുത്തുപകർന്നു.
കളിക്കളത്തിൽ നേടിയ മികവ് അജ്മലിനെ സൈനിക വോളിബോൾ ടീമിന്റെ പടിവാതിൽക്കലെത്തിച്ചു. 2010 സെപ്റ്റംബർ 20ന് വെല്ലിങ്ടണിലെ മദ്രാസ് റെജിമെന്റൽ സെന്ററിന്റെ വോളിബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ജീവിതത്തിൽ പുതിയ അധ്യായം തുറന്നു. പിന്നീട് 27 മദ്രാസ് റെജിമെന്റിൽ ഹവിൽദാറായി സേവനമനുഷ്ഠിച്ചു. സൈനികജീവിതത്തിന്റെ കർശനമായ ചിട്ടകൾക്കിടയിലും വോളിബോളിനോടുള്ള ഇഷ്ടം കൈവിടാതെ കായികമത്സരങ്ങളിൽ സജീവമായി തുടർന്നു.
അഞ്ചു തവണ ഇന്റർ കമാൻഡ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അജ്മലിന് അവസരം ലഭിച്ചു. 2026ൽ അഹമ്മദാബാദിൽ നടന്ന 11 റാപ്പിഡ് ഡിവിഷൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ ടീമിലും അംഗമായിരുന്നു. സൈനികന്റെ ഉത്തരവാദിത്വങ്ങൾക്കൊപ്പം കായികതാരത്തിന്റെ ആവേശവും നിലനിർത്താൻ കഴിഞ്ഞത് അജ്മലിന്റെ ജീവിതത്തിലെ സവിശേഷതകളിലൊന്നാണ്.
കളിക്കളത്തിലെ നേട്ടങ്ങൾക്കപ്പുറം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ച അനുഭവങ്ങളും അജ്മലിന്റെ സൈനികജീവിതത്തെ വ്യത്യസ്തമാക്കി. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ സേവനത്തിനുശേഷം 2017ൽ ജമ്മു കശ്മീരിലേക്ക് നിയമനം ലഭിച്ചു. അവിടെ അതിർത്തിയിൽ മൂന്നു വർഷം സേവനമനുഷ്ഠിച്ചു. പിന്നീട് അരുണാചൽ പ്രദേശിലെ രണ്ടാം ഗ്ലേസിയർ മേഖലയിലേക്ക്. താപനില മൈനസ് 20 ഡിഗ്രി വരെ താഴുന്ന അതിശൈത്യത്തിലും മൂന്നു വർഷം രാജ്യത്തിനുവേണ്ടി കർത്തവ്യം നിർവഹിച്ചു.
പ്രതികൂല കാലാവസ്ഥയും ദുഷ്കരമായ സാഹചര്യങ്ങളും സൈനികജീവിതത്തിന്റെ ഭാഗമായിരുന്നു. അരുണാചൽ പ്രദേശിൽനിന്ന് ഗുജറാത്തിലേക്ക് തിരിച്ചെത്തിയ ശേഷമാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായുള്ള സൈനിക ദൗത്യങ്ങളിൽ പങ്കാളിയായത്. തുടർന്ന് രാജസ്ഥാൻ അതിർത്തിയിലേക്കും നിയോഗിക്കപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി നിർണായകമായ ദൗത്യങ്ങളിൽ പങ്കാളിയായതിന്റെ അഭിമാനവുമായാണ് അദ്ദേഹം സൈനികജീവിതത്തോട് വിടപറയുന്നത്.
ബാല്യത്തിൽ വയലാർ ക്ലബ്ബിന്റെ മൈതാനത്ത് തുടങ്ങിയ വോളിബോൾ യാത്രയാണ് അജ്മലിനെ കേരളത്തിന്റെ ജൂനിയർ ടീമിലേക്കും പിന്നീട് സൈനിക വോളിബോൾ ടീമിലേക്കും എത്തിച്ചത്. അതിനൊപ്പം രാജ്യത്തിന്റെ വിവിധ അതിർത്തികളിൽ സേവനമനുഷ്ഠിക്കാനും അവസരം ലഭിച്ചു. കായികതാരമെന്ന നിലയിലും സൈനികനെന്ന നിലയിലും വ്യത്യസ്ത അനുഭവങ്ങൾ സ്വന്തമാക്കിയ അജ്മൽ 16 വർഷത്തെ സേവനത്തിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തുമ്പോൾ, അദ്ദേഹത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
അജ്മലിനോടുള്ള ആദരസൂചകമായി വയലാർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 14ന് വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കും. വൈകിട്ട് നാലിന് വയലാർ വോളി ഫീൽഡ്സ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മത്സരത്തിൽ കേരളത്തിലെ പ്രമുഖ വോളിബോൾ ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിനോടനുബന്ധിച്ച് അജ്മലിനെ ആദരിക്കുകയും ചെയ്യും. ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. എം.എൽ.എ റോയി കെ. പൗലോസ് അജ്മലിനെ ആദരിക്കും.
വോളിബോൾ മൈതാനത്ത് ഒരു ബാലനായി തുടങ്ങിയ യാത്ര രാജ്യത്തിന്റെ സുരക്ഷയ്ക്കായി നിലകൊള്ളുന്ന സൈനികനിലേക്കും അവിടെനിന്ന് ജന്മനാട്ടിലേക്കുമെത്തുമ്പോൾ അജ്മലിന്റെ ജീവിതം ഒരു നാടിന്റെ അഭിമാനകഥ കൂടിയാവുകയാണ്. രാജ്യസേവനത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ പ്രിയപ്പെട്ട കായികതാരത്തെ സ്വന്തം മൈതാനത്ത് ആദരിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. കായികപ്രേമികൾ. ജമീലയാണ് അജ്മലിൻ്റെ മാതാവ്, ഭാര്യ ഇർഷാദിയ മക്കൾ കരിമ്പൻ സെൻ്റ് തോമസ് പബ്ളിക്ക് സ്കൂൾ രണ്ട് വിദ്യാർത്ഥിനി ജഹാര, രണ്ട് വയസ്സുകാരി ജന്ന.

