ഇടത്താവളത്തിനായി തിലകൻ സ്മാരക പാർക്കിൽ സൗകര്യമൊരുക്കണമെന്ന് ഹൈറേഞ്ച് സ്‌പോർട്‌സ് അക്കാദമി ഭാരവാഹികൾ . ബോയിസ് എസ്റ്റേറ്റിലെ സ്റ്റേഡിയം ശബരിമല ഇടത്താവളം ആക്കുന്നതിൽ നിന്നും അധികൃതർ പിമ്മാറണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
കായിക താരങ്ങൾ പരിശീലിക്കുന്ന കൊക്കയാർ പഞ്ചായത്തിലെ ബോയ്സ് എസ്റ്റേറ്റ് സ്റ്റേഡിയം ശബരിമല ഇടത്താവളമാക്കുന്നതിന് പകരം പ്രദേശത്തെ തിലകൻ സ്മാരക പാർക്കിന് സമീപം സൗകര്യം ഒരുക്കണമെന്ന് ഹൈറേഞ്ച് സ്‌പോർട്‌സ് അക്കാദമി. തിലകൻ സ്മാരക പാർക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പാർക്കിന് സമീപം ശുചിമുറി സൗകര്യങ്ങളും ആവശ്യത്തിന് വെള്ളവും പാർക്കിങ് സൗകര്യവുമുണ്ടെന്നും ഹൈറേഞ്ച് സ്‌പോർട്‌സ് അക്കാദമി ഭാരവാഹിക പറഞ്ഞു.
ശബരിമല ഇടത്താവളത്തിന് എല്ലാ സംവിധാനവും ഇവിടെ ഒരുക്കാനാകും. എന്നാൽ പഞ്ചായത്ത് അധികൃതർ മുതൽ ജില്ലാ കളക്ടർ വരെ ഇതു കണ്ടില്ലെന്ന് നടിക്കുകയാണ്. ബോയ്‌സ് എസ്റ്റേറ്റ് സ്റ്റേഡിയം ഇടത്താവളം ആക്കുമെന്ന പ്രഖ്യാപനം കായിക താരങ്ങളുടെ ആശങ്കയ്ക്ക് ഇടയാക്കി്യിരിക്കുകയാണെന്നും മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ താരങ്ങളും പരിശീലകരും രക്ഷിതാക്കളുമടക്കമുള്ളവർ ആശങ്കയിലാണെന്നും ഭാരവാഹികൾ പറഞ്ഞു.
അഞ്ചാംക്ലാസ് മുതൽ ബിരുദതലം വരെയുള്ളവർ ഇവിടെ പരിശീലിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെയും പാരിസൺ മലയാളം പ്ലാന്റേഷന്റെയും ഉടമസ്ഥതയിലാണ് കൊക്കയാർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിൻ്റെ നടത്തിപ്പവകാശം ഇടുക്കി ജില്ലാ പഞ്ചായത്തിനാണ്. ഹൈറേഞ്ച് സ്‌പോർട്സ് അക്കാദമിയുടെ ഭാഗമായി ആറു പഞ്ചായത്തുകളിൽനിന്ന് നൂറിലേറെ താരങ്ങൾ ഇവിടെ പരിശീലിക്കുന്നുണ്ട്. 200 മീറ്റർ മഡ് ട്രാക്ക്, ലോങ്ജംപ്, ഹൈജംപ് പിറ്റുകൾ, ഷോട്ട്പുട് സർക്കിൾ തുടങ്ങിയവ ഇവിടെയുണ്ട്. മേഖലയിലെ കായികവികസനത്തിനുള്ള പ്രധാന ഹബ്ബാണ് സ്റ്റേഡിയമെന്ന് പരിശീലകർ പറയുന്നു. ജില്ലയിൽ പിന്നെ ഇത്തരമൊരു സംവിധാനമുള്ളത് 80 കിലോമീറ്റർ അകലെയുള്ള നെടുങ്കണ്ടത്താണ്.
2024-25ൽ 60 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് സ്റ്റേഡിയം പരിശീലന സജ്ജ മാക്കിയത്. സംസ്ഥാന കായിക മേളയിൽ അക്കാദമിയിലെ താരങ്ങൾ മൂന്ന് സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവും അടക്കം 8 മെഡലുകൾ നേടിയിരുന്നു. ദേശീയ മത്സര ങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ഈ താരങ്ങൾ. സർവകലാശാല, അന്തർ സർവകലാശാല മത്സരങ്ങളും വരാനിരിക്കുന്നു. രണ്ടുമാസത്തേക്ക് മൈതാനം വിട്ടുനൽകിയാൽ പരിശീലനം മുടങ്ങും. അന്താരാഷ്ട്ര തലത്തിൽ വരെ മെഡലുകൾ നേടിയ കുട്ടികൾ പരിശീലിച്ച സ്റ്റേഡിയമാണിതെന്ന് ഭാരവാഹികളായ പി.വി.സനീഷ്, കെ.വി.ബിനു, കേദാർനാഥ്, പി.എ.അയ്യൂബ്ഖാൻ, അഭിയ ആൻ ജിജി എന്നിവർ പറഞ്ഞു.



