ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
ഇടുക്കി ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റ ഉദ്ഘാടനം പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി ഓണ്‍ലൈനായി നിര്‍വഹിച്ചു.സ്‌കൂള്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ റോയ് കെ.പൗലോസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെട്ടിടത്തിന്റെ ശിലാഫലക അനാവരണവും അദ്ദേഹം നിര്‍വഹിച്ചു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്,ഗ്രാമപഞ്ചായത്തംഗം അമ്മിണി ജോസ്,പൊതുമരാമത്ത് വകുപ്പ് കൈട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.കെ. ധന്യ,ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ ജി.അനില്‍കുമാര്‍,സംസ്ഥാന പട്ടികവര്‍ഗ്ഗ ഉപദേശക സമിതി അംഗങ്ങളായ സി.പി. കൃഷ്ണന്‍,സി.ആര്‍. ദിലീപ്കുമാര്‍,പ്രിന്‍സിപ്പല്‍ ജെ. മധുസൂതനന്‍,സീനിയര്‍ സൂപ്രണ്ട് എം.ജി. ഷിബു എന്നിവര്‍ പങ്കെടുത്തു.സ്‌കൂളില്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിനായി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ഇതേ സ്ഥാപനത്തില്‍ തന്നെ തുടര്‍വിദ്യാഭ്യാസം നടത്തുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് പുതിയ പ്ലസ് ടു ബ്ലോക്ക് നിര്‍മിച്ചത്.
23.25കോടി രൂപ ചെലവഴിച്ചാണ് മൂന്നുനില കെട്ടിടം പണിതത്. കെട്ടിടത്തിന്റെ പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പിന്നീട് 15,43,000 രൂപ അധിക തുകയും അനുവദിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചത്.
നിലവില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ പ്ലസ് ടു ബ്ലോക്കില്‍ സയന്‍സ്, കൊമേഴ്സ് വിഭാഗങ്ങള്‍ കൂടി ആരംഭിക്കുന്നതിനും 300 വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നല്‍കുന്നതിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

