ഗുരുദേവ നിന്ദകനെ ഉടൻ അറസ്റ്റ് ചെയ്യണം ബിജു മാധവൻ.മലനാട് യൂണിയനിൽ പ്രതിഷേധമിരമ്പി
ലോകജനത മഹാ ഗുരുവായി മനസ്സിൽ പ്രതിഷ്ഠിച്ച മതേതരത്വത്തിന്റെ പ്രവാചകനായ ശ്രീനാരായണഗുരുദേവനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സുഭാഷിനെ ഉടൻ അറസ്റ്റ് ചെയ്ത് തുറങ്കലിൽ അടക്കണം എന്ന് എസ് എൻ ഡി പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെയും മനുഷ്യ സമത്വത്തിന്റെ മഹത്തായ ആശയങ്ങളും വിശ്വ സാഹോദര്യത്തിന്റെ നന്മകളെയും ആണ് ഇയാൾ അപമാനിച്ചിരിക്കുന്നത്. ഏവരും ഇതിനെതിരെ പ്രതികരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ ആത്മാഭിമാനത്തോടുള്ള ഈ സാമൂഹ്യദ്രോഹിയുടെ വെല്ലുവിളിയിൽ പ്രതിഷേധിച്ചുകൊണ്ട് മലനാട് യൂണിയൻ കട്ടപ്പനയിൽ നടത്തിയ വമ്പിച്ച പന്തംകുളത്തി പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയത വിറ്റ് മടിശീല വീർപ്പിക്കുന്ന ഇതേപോലുള്ള നാവുകൾ മനുഷ്യ രാശിക്ക് ഭൂഷണമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതീയ ആത്മീയ പാരമ്പര്യത്തിൽ ഗുരുവിന്റെ സ്ഥാനം മനുഷ്യനെ മനുഷ്യനായി കാണാൻ ലോകത്തെ പഠിപ്പിച്ച ലോകഗുരു എന്ന നിലയിലാണ്. ആ ഗുരുവിനെ അപമാനിക്കുന്നത് മനുഷ്യരാശി യോടുള്ള വെല്ലുവിളിയാണെന്ന് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ പറഞ്ഞു.
കട്ടപ്പനയിൽ ഇരമ്പിയ പ്രതിഷേധ പന്തംകൊളുത്തി പ്രകടനത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു . യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ സെക്രട്ടറി വിനോദ് ഉത്തമൻ യൂണിയൻ കൗൺസിലേഴ്ആയ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സുബീഷ് വിജയൻ സെക്രട്ടറി അരുൺ നെടുമ്പള്ളി സൈബർ സേന ചെയർമാൻ ഷിജോ കൊഴിഞ്ഞൂത്താഴെ സന്തു കല്ലറക്കൽ , അഭിനന്ദു അമരാവതി, അഖിൽ വെള്ളയാംകുടി അരുൺകുമാർ പി എന്നിവർ നേതൃത്വം നൽകി.

