സത്രം എയർ സ്ട്രിപ്പ് നിർമ്മാണം പുനരാരംഭിക്കാൻ ധാരണ; വനം - റവന്യു വകുപ്പുകൾ തമ്മിലുണ്ടായിരുന്ന തർക്കം ചർച്ചയിലൂടെ പരിഹരിച്ചു
സത്രം എയർ സ്ട്രിപ്പിൻ്റെ നിർമ്മാണം പുനരാരംഭിക്കാൻ ധാരണ. വനം റവന്യു വകുപ്പുകൾ തമ്മിൽ ഉണ്ടായിരുന്ന തർക്കം ചർച്ചയിലൂടെ പരിഹരിച്ചു. പ്രവർത്തനങ്ങൾക്ക് ആവശ്യമായ 6.5 ഏക്കർ ഭൂമി സത്രത്തിൽ വനം വകുപ്പ് വിട്ട് നൽകും. പകരം അതേ അളവിൽ ഭൂമി റവന്യു വകുപ്പ് മറ്റൊരിടത്ത് കൈമാറും. വനം വകുപ്പിൻ്റെ എതിർപ്പ് മൂലം 3 വർഷത്തിലധികമായി പണികൾ മുടങ്ങിക്കിടക്കുകയായിരുന്നു.
എൻ.സി.സിയുടെ എയർ വിങ് കേഡറ്റുകൾക്ക് വിമാനം പറത്താൻ പരിശീലനം നൽകാനാണ് സത്രത്തിൽ എയർ സ്ട്രിപ്പ് നിർമ്മിച്ചത്. 800 മീറ്റർ റൺവേയും, വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള ഹാങ്ങറും, വാച്ച് ടവറുമൊക്കെ പൂർത്തിയായിരുന്നു. വ്യോമസേനയുടെ ചെറുവിമാനവും, ഹെലികോപ്റ്ററും പരീക്ഷണ ലാൻഡിങ്ങും വിജയകരമായി നടത്തി. ഇതിനിടെ കനത്ത മഴയിൽ റൺവേയുടെ ഷോൾഡറിൻ്റെ ഒരു ഭാഗം ഇടിഞ്ഞ് പോയി. ഇവിടെ സംരക്ഷണ ഭിത്തി കെട്ടുന്നത് വനം വകുപ്പ് തടഞ്ഞു. എയർ സ്ട്രിപ്പിലേക്കുള്ള റോഡിൽ 400 മീറ്റർ ടാറിംഗ് നടത്താനും വനംവകുപ്പ് അനുവദിച്ചില്ല. ഇതോടെയാണ് എയർ സ്ട്രിപ്പ് നിർമ്മാണം സ്തംഭിച്ചത്.
പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സിറിയക് തോമസ് എം.എൽ.എ പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇതോടെ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു. സിറിയക് തോമസ് എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, കോട്ടയം ഡി.എഫ്.ഒ പ്രഭുൽ അഗ്രവാൾ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ ധന്യ, സർവേ ഡപ്യൂട്ടി ഡയറക്ടർ എസ്.എസ് ബിനു എന്നിവർ പങ്കെടുത്തു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി 24 കോടി രൂപ എൻ.സി.സി സർക്കാരിന് കൈമാറിയിട്ടുണ്ട്. ഇതിൽ 14 കോടിയാണ് ഇതുവരെ ചെലവായത്. ഇടിഞ്ഞുപോയ സുരക്ഷണഭിത്തി നിർമ്മിക്കാൻ മണ്ണ് പരിശോധനയ്ക്ക് പൊതുമരാമത്ത് വകുപ്പ് ടെൻഡർ നൽകി. ആറരകോടി രൂപയാണ് ചെലവ് പ്രതീഷിക്കുന്നത്.

