കഴിഞ്ഞദിവസം അണക്കരയിൽ ഉണ്ടായ സംഘർഷത്തിൽ വിശദീകരണവുമായി സിപിഎം. അണക്കര ടൗണിൽ പ്രകടനവും പൊതുയോഗവും നടന്നു. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു.
ചക്കുപള്ളം പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ഷാൻ ജോസഫിന്റെ വ്യാപാര സ്ഥാപനത്തിൽ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ 5 സിപിഎം പ്രവർത്തകർക്കെതിരെ വണ്ടൻമേട് പോലീസ് കേസെടുത്തിരുന്നു. ഷാൻ ജോസഫിന് മർദ്ദനമേറ്റേന്ന് ആരോപിച്ചുകൊണ്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ അണക്കരയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തിയിരുന്നു. തുടർന്നാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ബുധനാഴ്ച വൈകിട്ട് നയ വിശദീകരണയോഗം സംഘടിപ്പിച്ചത്. ഇരു കൂട്ടരും തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും സംഘർഷത്തിലേക്ക് പോകാൻ സിപിഎമ്മിന് താല്പര്യമില്ലെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ മർദ്ദിച്ച ഷാൻ ജോസഫിനെ അറസ്റ്റ് ചെയ്തു കേസെടുക്കണമെന്നും പോലീസ് നീതിപൂർവകമായി പെരുമാറണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സിപിഎം ചക്കുപള്ളം ലോക്കൽ സെക്രട്ടറി ഷെല്ലി തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വണ്ടൻമേട് ഏരിയാ സെക്രട്ടറി ടി എസ് ബിസി, ഏരിയ കമ്മിറ്റിയംഗം പി കെ രാമചന്ദ്രൻ, സിഐടിയു ഏരിയാസെക്രട്ടറി സതീഷ് ചന്ദ്രൻ, സി കണ്ണൻ, എ എൻ രാമചന്ദ്രൻ, അജി പോളച്ചിറ, അനു ടി എസ് തുടങ്ങിയവർ പ്രസംഗിച്ചു.

