എസ് സുബ്രഹ്‌മണ്യന്‍ ആകാശവാണി ഉപമേധാവി; ഇടുക്കിക്ക് അഭിമാനനേട്ടം
ആകാശവാണിയുടെ വാര്‍ത്താ വിഭാഗം ഉപമേധാവിയായി ഇടുക്കി തൊടുപുഴ സ്വദേശിയായ എസ് സുബ്രഹ്‌മണ്യനെ ഡല്‍ഹിയില്‍ നിയമിച്ചു. വാര്‍ത്താ വിഭാഗത്തില്‍ അഡീഷ്ണല്‍ ഡയറക്ടര്‍ ജനറലായി ന്യൂഡല്‍ഹിയിലാണ് നിയമനം. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ നിന്ന് റാങ്കോടെ ബി ടെക് ബിരുദവും തുടര്‍ന്ന് എംബിഎയും നേടിയ ശേഷമാണ് അദ്ദേഹം സിവില്‍ സര്‍വീസിലേക്ക് പ്രവേശിക്കുന്നത്. 2001 ബാച്ച് സിവില്‍ സര്‍വീസിലെ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവില്‍ കേരളാ ഗവര്‍ണറുടെ പി.ആര്‍.ഒ ആയി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്ര വാര്‍ത്താവിഭാഗം ഡയറക്ടര്‍, പ്രതിരോധ മന്ത്രാലയത്തിന്റെ ഡല്‍ഹിയില്‍ ഡയറക്ടര്‍ ഓഫ് പബ്ലിക് റിലേഷന്‍സ്, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കേരളാ - ലക്ഷദീപ് മേഖലാ ഡയറക്ടര്‍, സംസ്ഥാന സര്‍ക്കാരിന്റെ മണ്ണ് സംരക്ഷണ - പര്യവേഷണ ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇംപാക്ട് കേരളയുടെ മാനേജിങ് ഡയറക്ടര്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ പ്രധാന ചുമതലകളും അദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളും മികച്ച പ്രവര്‍ത്തന പരിചയവും കൈമുതലായുള്ള അദ്ദേഹത്തിന്റെ ഈ ഉന്നത പദവി ഇടുക്കി ജില്ലയ്ക്ക് ഒന്നാകെ അഭിമാനം പകരുന്നതാണ്.
തൊടുപുഴ സ്വദേശിയായ അദ്ദേഹത്തിന്റെ നേട്ടത്തില്‍ നാട്ടുകാരും സുഹൃത്തുക്കളും സന്തോഷം പങ്കുവെച്ചു. തൊടുപുഴ കരോട്ട്മന മഠം പരേതനായ ശിവശങ്കര അയ്യരുടെയും സരസ്വതി അമ്മാളിന്റെയും മകനാണ്. തൊടുപുഴ ന്യൂമാന്‍ കോളേജ്, ഡീപോള്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ് അദ്ദേഹം. ഭാര്യ രജനി ശര്‍മ്മ. വിദ്യാത്ഥികളായ രശ്മി, ദേവ്‌തോഷ് എന്നിവര്‍ മക്കളാണ്.

