നത്തുകല്ല് കുരിശുമല മേഖലയിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണുവാനാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചത്, എന്നാൽ ഇതിൻറെ തുടർ പ്രവർത്തനങ്ങൾ വൈകുകയാണ്
വർഷങ്ങളായി നത്തുകല്ല്കുരിശുമല നിവാസികൾ വോൾട്ടേജ് ക്ഷാമം മൂലം വലിയ പ്രതിനിധി സന്ധിയെയാണ് നേരിടുന്നത്. പകലും രാത്രിയിലും ഒരുപോലെ വോൾട്ടേജ് ക്ഷാമം മേഖലയിൽ രൂക്ഷമാണ്. നത്തുകല്ല് സിറ്റിയിൽ നിന്നുമുള്ള ട്രാൻസ്ഫോർമറിൽ നിന്നുമാണ് ഇവിടേക്ക് വൈദ്യുതി എത്തുന്നത്.
വീട്ടിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള മോട്ടോർ പോലും പ്രവർത്തിപ്പിക്കുവാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. വോൾട്ടേജ് ഇല്ലാത്തത് മൂലം മോട്ടോറുകൾ കത്തി പോകുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി നിവേദനങ്ങൾക്കും പരാതികൾക്കും ഒടുവിലാണ് വൈദ്യുതി വകുപ്പ് പ്രദേശത്ത് ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. എന്നാൽ ഇതിന്റെ തുടർ പ്രവർത്തനങ്ങൾ നടത്തിയില്ല. എന്നു നടക്കും എന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
ട്രാൻസ്ഫോർമർ ചാർജ് ചെയ്യണമെങ്കിൽ ഇവിടേക്ക് ഇലവൻ കെവി ലൈൻ വലിക്കണം.അര കിലോമീറ്ററോളം ദൂരത്തിൽ വൈദ്യുതി പോസ്റ്റുകൾ മാറുകയും ഇലവൻ കെവി ലൈനുകൾ വലിക്കുകയും ചെയ്യണം, എന്നാൽ മാത്രമേ ട്രാൻസ്ഫോർമർ ചാർജ് ചെയ്യാൻ കഴിയൂ.
നിലവിൽ ട്രാൻസ്ഫോമർ സ്ഥാപിച്ചിട്ട് നാലുമാസം കഴിഞ്ഞെന്ന് പ്രദേശവാസികൾ പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന കെടുകാര്യസ്ഥതയാണ് കാരണമെന്നും പരാതിയായി ആളുകൾ പറയുന്നു. അടിയന്തരമായി മേഖലയിലെ വോട്ടേജ് പ്രശ്നം പരിഹരിക്കുവാൻ വൈദ്യുതിവകുപ്പിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണം എന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

