എട്ടു മാസങ്ങൾക്ക് മുൻപ് നിർമ്മാണം ആരംഭിച്ച ഇരട്ടയാർ നാങ്കുതൊട്ടി വാഴവര റോഡിൻറെ നവീകരണ പ്രവർത്തനങ്ങൾ വൈകുന്നു
കിഫ്ബിയിൽ നിന്നും എട്ടു കോടി രൂപ അനുവദിച്ചാണ് ഈ റോഡിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡിൻറെ വിവിധ ഭാഗങ്ങളിൽ നിലവിലെ ടാറിങ് ഇളക്കി വീതി കൂട്ടുകയും കലുങ്കുകൾ പുനർ നിർമ്മിക്കുന്ന പ്രവർത്തനങ്ങളും തുടങ്ങി. എന്നാൽ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ ആവുകയായിരുന്നു. നിലവിൽ എട്ടുമാസം പിന്നിട്ടിട്ടും നവീകരണ പ്രവർത്തനങ്ങൾ എങ്ങും എത്തിയിട്ടില്ല. ഇതിന്റെ ഭാഗമായി റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന മെറ്റലുകൾ ഉൾപ്പെടെ റോഡിലേക്ക് വീണു കിടന്ന് ഇരുചക്രവാഹന യാത്രക്കാർക്ക് അടക്കം വലിയ ബുദ്ധിമുട്ടുണ്ട്. റോഡ് നിർമ്മാണം അനിശ്ചിതമായി നീളുന്നതിൽ പ്രദേശവാസികൾ ഉൾപെടെ കടുത്ത പ്രതിഷേധത്തിലാണ്.
റോഡിൻ്റെ വിവിധ ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ വീടുകളിലേക്ക് കയറുന്ന റോഡുകളുടെ ഭാഗങ്ങളിൽ കട്ടിംഗുകളും ഉണ്ട്. പൊടി ശല്യവും രൂക്ഷമാണ്. നിലവിലെ സാഹചര്യത്തിൽ ഓടിയാൽ ചിലവ് കാശ് പോലും ലഭിക്കത്തില്ല എന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു. വാഹനത്തിന് സ്ഥിരം തകരാർ സംഭവിക്കുന്നുണ്ടെന്നും പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് പരാതി ഉന്നയിക്കുന്ന സമയങ്ങളിൽ എന്തെങ്കിലും പണികൾ പേരിന് പെയ്യുന്നതല്ലാതെ കൃത്യമായരീതിയിൽ പണികൾ മുന്നോട്ട് പോകുന്നുമില്ല എന്നും നാട്ടുകാർ.കരാറുകാരുടെ ഭാഗത്ത് നിന്ന് റോഡ് നിർമ്മാണത്തിൽ വീഴ്ച ഉണ്ടാകുന്നതായും നാട്ടുകാർ പറയുന്നു. സംഭവത്തിൽ പ്രത്യക്ഷ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

