ഇടുക്കി തൊടുപുഴയിൽ നിന്ന് കാറും പണവും മോഷ്ടിച്ച സംഭവം; കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഇസ്മായിൽ പിടിയിൽ
തിരുവോണനാളിൽ പെരുമ്പിള്ളിച്ചിറയിൽമോഷണം നടത്തിയകേസിൽ കുപ്രസിദ്ധമോഷ്ടാവ് പിടിയിൽ.കണ്ണൂർ ഇരിട്ടി പട്ടുവംസ്വദേശി ദാറുൾസലാഹ് വീട്ടിൽ ഇസ്മായിൽ (34 ) ആണ് പിടിയിലായത്. തിരുവനന്തപുരം പൂവാറിലെ വാടകവീട്ടിൽ നിന്നാണ് തൊടുപുഴ ഡി.വൈ.എസ്.പിയുടെ സ്ക്വഡ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും മോഷ്ടിച്ച സ്വർണവും, പണവും, ഷൂവും പൊലീസ് കണ്ടെടുത്തു.
യൂബർ ടാക്സി ഡ്രൈവറായ പ്രതി ചങ്ങനാശ്ശേരിയിൽ നിന്നും മോഷ്ടിച്ച ബൈക്കും സ്വർണവുമായാണ് സംഭവദിവസം രാത്രിയിൽ തൊടുപുഴയിൽ മോഷണത്തിനായി എത്തിയത്. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ തോപ്പിൽ ഷാനവാസ് ഖാന്റെ സാൻട്രോ കാറിന് പുറമേ പുതുച്ചിറ ഭാഗത്തുള്ള ഒരു അഭിഭാഷകന്റെ വീട്ടിൽ നിന്ന് 50000 രൂപയും മറ്റൊരു വീട്ടിൽ നിന്നും ഷൂവും കവർന്നു. തിരിച്ചറിയാതിരിക്കാനായി മുഖം മറച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. മോഷണമറിഞ്ഞ് നാട്ടുകാർ കൂടിയപ്പോൾ ഇയാൾ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുന്നരംഗം ക്യാമറയിൽ പതിഞ്ഞിരുന്നു.
ഇതിനുശേഷമാണ് ഷാനവാസിന്റെ കാറുമായി ഇയാൾ തിരുവനന്തപുരത്തിന് കടന്നത്. മോഷണത്തിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുന്നതും ഇയാളുടെ പ്രത്യേകതയാണ്. മോഷണം നടത്തുന്ന വീടുകളിൽ നിന്നും ഷൂ മോഷ്ടിക്കുന്ന ഹോബിയും പ്രതിക്കുള്ളതായി പൊലീസ് പറഞ്ഞു. കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി പ്രതിക്കെതിരെ 50ഓളം കേസുകൾ ഉള്ളതായി ഡി.വൈ.എസ്.പി സജി മാർക്കോസ് അറിയിച്ചു. സംവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായാണ് സൂചന. തൊടുപുഴ സി.ഐ മനേഷ് കെ പൗലോസിന്റെ നിർദ്ദോശാനുസരണം എസ്.ഐമാരായ ടി.എം ഷംസുദ്ദീൻ, ജിബിൻ ജോസഫ്, അനീഷ് ജോസ്, അരുൺ ചന്ദ്രൻ, അനന്ദു ശേഖർ, സി.പി.ഒമാരായ അജിമോൻ, ബാബു സുരേഷ്, അമൽ, റെനീഷ്, അതുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

