കാന്താരി മുതൽ കരണംപൊട്ടി വരെ; വിസ്മയമായി പനംകുട്ടി പള്ളിയിലെ 'മുളക് ഫെസ്റ്റ്'
കുടിയേറ്റത്തിന്റെ കരിമ്പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും കനകം വിളയിച്ച ഇടുക്കിയുടെ മണ്ണിൽ വീണ്ടുമൊരു കാർഷിക വിസ്മയം. പനംകുട്ടി സെന്റ് ജോസഫ് ചർച്ചിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'മുളക് ഫെസ്റ്റ്' നാടിനാകെ പുതുമയും കൗതുകവുമായി. എരിവിന്റെയും നിറങ്ങളുടെയും വൈവിധ്യം തീർത്ത പ്രദർശനത്തിൽ കാന്താരി മുളക് മുതൽ പേര് കേട്ടാൽ ഞെട്ടുന്ന 'കരണംപൊട്ടി' മുളക് വരെ അണിനിരന്നു. നൂറ്റിയെൺപതോളം (180) വ്യത്യസ്ത ഇനം മുളകുകളാണ് മേളയിൽ വിസ്മയക്കാഴ്ചയൊരുക്കിയത്.
ഇടവകസമൂഹവും നാട്ടുകാരും കൈകോർത്തതോടെ പള്ളിമുറ്റം വൈവിധ്യമാർന്ന മുളക് പ്രദർശനമായി മാറി. നിത്യജീവിതത്തിൽ നാം കാണുന്ന മുളകുകൾക്ക് പുറമെ കണ്ണിന് കുളിർമയേകുന്ന അലങ്കാരമുളകുകൾ, പല വലുപ്പത്തിലും നിറത്തിലുമുള്ള ക്യാപ്സിക്കങ്ങൾ, വലിപ്പമേറിയ ബജി മുളകുകൾ എന്നിവയെല്ലാം മേളയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.
ലക്ഷ്യം പരമ്പരാഗത ഇനങ്ങളുടെ സംരക്ഷണം,കേവലമൊരു പ്രദർശനത്തിനപ്പുറം വലിയൊരു ലക്ഷ്യവുമായാണ് ഈ മുളക് ഫെസ്റ്റ് സംഘടിപ്പിച്ചത്. കുടിയേറ്റക്കാലം മുതൽ ഹൈറേഞ്ചുകാരുടെ അടുക്കളകളിലും പറമ്പുകളിലും നിറഞ്ഞുനിന്നിരുന്ന, ഔഷധഗുണമേറിയ കാന്താരി മുളകിന്റെ ഓർമ്മകൾ നഷ്ടപ്പെട്ടുപോകാതിരിക്കാനും, വംശനാശഭീഷണി നേരിടുന്ന പരമ്പരാഗത മുളകിനങ്ങളെ സംരക്ഷിക്കാനും വേണ്ടിയാണ് ഇത്തരമൊരു വേദി ഒരുക്കിയതെന്ന് സംഘാടകർ പറഞ്ഞു."നമ്മുടെ പൂർവികർ കാത്തുസൂക്ഷിച്ച കാർഷിക സംസ്കാരവും പരമ്പരാഗത വിത്തിനങ്ങളും വരുംതലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭാരവാഹികൾ വ്യക്തമാക്കി.
ജനപങ്കാളിത്തത്തോടെ വൻ വിജയം വിവിധയിനം മുളകുകളെ അടുത്തറിയാനും അവയുടെ കൃഷിരീതികൾ മനസ്സിലാക്കാനും നൂറുകണക്കിന് ആളുകളാണ് പനംകുട്ടി പള്ളിയിലേക്ക് എത്തിയത്. കാർഷിക രംഗത്തേക്ക് പുതിയ തലമുറയെ ആകർഷിക്കാനും ജൈവകൃഷിയുടെ പ്രാധാന്യം വിളിച്ചോതാനും ഈ ഫെസ്റ്റിന് സാധിച്ചു. എരിവിന്റെ വൈവിധ്യം മാത്രമല്ല, ഒത്തൊരുമയുടെയും കാർഷിക പൈതൃകത്തിന്റെയും നല്ലൊരു സന്ദേശം കൂടിയാണ് പനംകുട്ടി ഇടവകയും നാട്ടുകാരും ഈ മേളയിലൂടെ പങ്കുവെക്കുന്നത്.പനംകൂട്ടി സെൻ്റ് ജോസഫ് പള്ളി ഇടവകവികാരി ഫാ.ജോസഫ് പൗവ്വത്തിൽ,സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ടോമി അഗസ്റ്റിൻ,കൈക്കാരൻമാരായ സിബി പൊരിമറ്റം,ജോൺസൺ വലിയവീട്ടിൽ,ബ്രദർ ലിയോ പൊരിമറ്റത്തിൽ,സിസ്റ്റർ.വിമൽ,സിസ്റ്റർ ജൂലി മാത്യു, സോണി ടോമി,ഡെൽമി എന്നിവർ നേതൃത്വം നൽകി.





