പെരിയാർ കടുവ ഫൌണ്ടേഷനിലെ അഴിമതി: സർക്കാർ നിർദ്ദേശം നടപ്പിലാക്കാതെ വനം വകുപ്പ്.
പെരിയാർ കടുവ ഫൌണ്ടേഷനിലെ അഴിമതി: സർക്കാർ നിർദ്ദേശം നടപ്പിലാക്കാതെ വനം വകുപ്പ്.1920ലെ ചാരിറ്റബിൾ and റിലീജിയസ് ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന, പെരിയാർ കടുവ സങ്കേതം ഈസ്റ്റ് ഡിവിഷൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പെരിയാർ ടൈഗർ കൺസർവേഷൻ ഫൌണ്ടേഷനിലെ അഴിമതികൾ സംബന്ധിച്ച് സംസ്ഥാന ധനകാര്യ പരിശോധന വിഭാഗം നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തുകയും, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടികളും ശുപാർശ ചെയ്ത് ധനകാര്യ വകുപ്പ് No. IW-D2/20/2024-FIN 08/09/2025 കത്ത് പ്രകാരം സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ പ്രിൻസിപ്പിൽ സെക്രട്ടറി (വനം വകുപ്പ്) FWLD-A2/30/2024-FWLD Dated: 24/09/2025 നമ്പർ ഉത്തരവ്, മുഖ്യ വനപാലകൻ, ഭരണ വിഭാഗം മേധാവി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സർക്കാർ നിർദ്ദേശം ലഭിച്ച് 10 മാസമായിട്ടും ടി ഉത്തരവ് നടപ്പിലാക്കാൻ വനം വകുപ്പ് തയ്യാറായിട്ടില്ല.
കഴിഞ്ഞ അഞ്ച് വർഷകാലമായി പെരിയാർ കടുവ സങ്കേതം ഫീൽഡ് ഡയറക്ടറായി തുടരുന്ന ഉദ്യോഗസ്ഥനെതീരെ ഗുരുതര പരാമർശങ്ങളാണ് ധനകാര്യ വകുപ്പിന്റെ റിപ്പോർട്ടിൽ ഉള്ളത്. ഇദ്ദേഹത്തെ സ്ഥലം മാറ്റണമെന്നും, വേണമെങ്കിൽ നടപടി എടുക്കണം എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സാധാരണ ഗതിയിൽ 3 വർഷകാലയളവാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഒരു തസ്തികയിലിരുത്തുന്നത്. എന്നാൽ അഞ്ചു വർഷമാകാറായിട്ടും ഫീൽഡ് ഡയറക്ടർക്ക് മാത്രം സ്ഥാനചലനം ഉണ്ടാവാത്തത് എന്തുകൊണ്ട് എന്നതാണ് പൊതുജന ചോദ്യം.

