കഞ്ഞിക്കുഴിയിൽ വനപാലകരുടെ അനധികൃത ഇടപെടലെന്ന് നാട്ടുകാർ
വർഷങ്ങളായി ജനങ്ങളുടെ കൈവശമുള്ളതും സർക്കാർ രേഖകളിൽ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും പട്ടയം നടപടികൾ പുരോഗമിക്കുന്നതുമായ ഇടുക്കി കഞ്ഞിക്കുഴി വില്ലേജിലെ റവന്യൂ ഭൂമി വനം വകുപ്പ് അനധികൃതമായി കയ്യേറുന്നതായി വ്യാപക പരാതി. റവന്യൂ ഭൂമിയിൽ അതിക്രമിച്ചു കയറി ജണ്ടയിടുകയും ജനവാസ മേഖലയിലേക്ക് വന്യജീവി ആക്രമണം വർദ്ധിക്കുന്ന രീതിയിലുള്ള നടപടികൾ വനം വകുപ്പ് കൈക്കൊള്ളുകയും ആണെന്ന് സോഷ്യൽ അവയർനസ് ആൻഡ് ആക്ഷൻ ഫോറം ഭാരവാഹികൾ ആരോപിച്ചു. ഈ നിയമവിരുദ്ധ കടന്നു കയറ്റത്തെ ചോദ്യം ചെയ്ത നാട്ടുകാരോട് നഗരംപാറ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഗുണ്ടാ നേതാവിനെ പോലെയാണ് പെരുമാറുന്നതെന്നും ജനങ്ങൾ പറയുന്നു.
പരസ്യമായി നിയമസംവിധാനത്തെയും ജനങ്ങളെയും വെല്ലുവിളിക്കുന്ന ഇദ്ദേഹം തനിക്കെതിരെ സംസാരിക്കുന്നവരെ കള്ള കേസുകൾ ചുമത്തിപിടിച്ച് അകത്തിടും എന്നാണ് ഭീഷണിപ്പെടുത്തുന്നത്. ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് അടിയന്തരമായി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.



