ഇന്ന് ഡോക്ടേഴ്സ് ദിനം; ആതുര സേവന രംഗത്ത് മാതൃകയായി ഇടുക്കിയുടെ ഡോക്‌ടർ മുഹമ്മദ് റഫീഖ്
ഇടുക്കി മെഡിക്കൽ കോളേജ് നിലവിൽ വരുന്നതിന് മുമ്പ് ജില്ലാ ആശുപത്രിക്ക് സമീപം ബാല്യകാലം ചിലവിട്ട മുഹമ്മദ് റഫീഖ് എന്ന ബാലന് രോഗികളെയും വഹിച്ചെത്തുന്ന ആബുലൻസുകളുടെ വ്യത്യസ്ഥ തരത്തിലുള്ള അലാറം കാണാപ്പാഠമായിരുന്നു. തൻ്റെ വീടിന് മുന്നിലൂടെ കടന്ന് പോകുന്ന ആമ്പുലൻസുകളിൽ ഏറെയും ജില്ലാ ആശുപത്രിയിൽ അവശ്യ സംവിധാനങ്ങളോ ആധുനിക സംവിധാനങ്ങളോ, എല്ലാ വിഭാഗം ഡോക്ടർമാരോ ഇല്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്ന രോഗികളെയും വഹിച്ചുകൊണ്ടുള്ളതായിരുന്നു.മുപ്പത് കിലോമീറ്ററിലധികം കൊടുംകാട്ടിലൂടെ സഞ്ചരിച്ച് കോട്ടയത്ത് എത്തും മുമ്പേ മരണപ്പെട്ട നിരവധി പേരുടെ ചരിത്രം കൗമാരത്തിലെത്തും മുമ്പേ റഫീഖിൻ്റെ ചെവിയിലെത്തിയിരുന്നു.ഭാവിയിൽ ആരായിത്തീരണം എന്ന ചോദ്യത്തിന് ഡോക്ടർ എന്ന ഒറ്റ ഉത്തരമാണ് അവൻ തീർപ്പാക്കിയത്.വാഴത്തോപ്പ് സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഈ ഇടുക്കിക്കാരൻ പയ്യൻ അസീസിയ മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് നേടി.തുടർന്ന് സ്വന്തം നാടായ ഇടുക്കിയിൽ തിരിച്ചെത്തി ഇടുക്കി മെഡിക്കൽ കോളേജിൽ നാല് വർഷവും, പൈനാവ് ഇ സി എച്ച് എസിൽ രണ്ട് വർഷവും സേവനമനുഷ്ഠിച്ചു.
ജില്ലയിലെ തന്നെ കൂടുതൽ ഗ്രാമപ്രദേശങ്ങളിൽ എല്ലാത്തരം രോഗികൾക്കും ചികിത്സ ലഭ്യമാക്കണമെങ്കിൽ ഫാമിലി മെഡിസിനിൽ ബിരുദാനന്തര ബിരുദം നേടണമെന്ന് മനസ്സിലാക്കിയ റഫീഖ് തുടർ പഠനത്തിനായി തമിഴ്നാട് മെഡിക്കൽ കോളേജിലേക്ക് പോയി.തുടർന്ന് തെങ്കാശി ജില്ലയിലെ ഒരു ഉൾഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ചു.ഒരു ദിവസം നെഞ്ചുവേദന കലശലായി അബോധാവസ്ഥയിലെത്തിയ ശെമ്പുലിംഗം എന്ന 64 കാരൻ്റെ ഇ സി ജി പരിശോധിച്ചതിൽ മേജർ അറ്റാക്കാണെന്നും ജീവൻ നഷ്ടമാകുന്ന സാഹചര്യമാണെന്നും തിരിച്ചറിഞ്ഞു.നാല് മണിക്കൂർ യാത്ര ചെയ്താൽ മാത്രമേ പട്ടണത്തിലുള്ള മെഡിക്കൽ കോളേജിൽ എത്തിക്കാൻ കഴിയുമായിരുന്നുള്ളൂ. രോഗിക്ക് ജീവൻ നഷ്ടമാകുമെന്ന സാഹചര്യത്തിൽ സ്വന്തം റിസ്ക്കിൽ രോഗിയെ ഇൻ്റുമ്പേറ്റ് ചെയ്ത് സ്‌റ്റേ ബിൾ ആക്കി.
തുടർന്ന് വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരാത്ത രീതിയിൽ ത്രോംബോലൈസ് എന്ന ചികിത്സാരീതി ഉപയോഗിച്ചു.അതിൽ വിജയിച്ചതോടെ അത്യാസന്ന നിലയിലായിരുന്ന രോഗി ജീവിതത്തിലേക്ക് മടങ്ങി വന്നു.ഇതോടെ തമിഴ്നാട്ടിലെ തെങ്കാശി ഗ്രാമത്തിൽ മുഹമ്മദ് റഫീഖ് "കേരള ഡോക്ടർ " എന്നറിയപ്പെട്ടു.ഇതിനിടയിൽ ഫുട്ബോൾ കളിയിൽ കമ്പമുള്ള ഡോക്ടർ ഫിഫയിൽ നിന്നും ഫുട്ബോൾ മെഡിസിനിലും, കാർഡിയോളജി വിഭാഗത്തിലും യു കെ യിൽ നിന്നും ഫെല്ലോഷിപ്പും നേടിയെടുത്തു.എല്ലാത്തരം രോഗികളെയും ഒരേ സമയം ചികിത്സിക്കാൻ കഴിയും എന്ന തിരിച്ചറിവാണ് ഫാമിലി മെഡിസിനിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയാക്കിയതെന്നും.
സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രികളിൽ വരെ ഫാമിലിമെഡിസിൻ പൂർത്തിയാക്കിയ കൂടുതൽ ഡോക്ടർമാരെ നിയമിച്ചാൽ കൂടുതൽ റഫറൽ കേസുകൾ ഒഴിവാക്കാനാവുമെന്നും ഇടുക്കി പോലുള്ള മലയോര ജില്ലകളിൽ ഇത്തരം ഡോക്ടർമാരെ നിയമിക്കുകയാണെങ്കിൽ എല്ലാത്തരം രോഗികളെയും ചികിത്സിക്കാൻ ഫാമിലെ ഡോക്ടർമാർക്ക് കഴിയുമെന്നും റഫീഖ് പറയുന്നു.ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ഇടുക്കിയിൽ മടങ്ങിയെത്തിയ റഫീഖിന് ഗ്രാമപ്രദേശങ്ങളിൽ സാധാരണ ജനവിഭാഗങ്ങൾക്കിടയിൽ ജോലി ചെയ്യാനാണ് താല്പര്യം.
സർക്കാർ സർവ്വീസിൽ പ്രവേശിക്കാനായില്ലങ്കിൽ ഇടുക്കിയിൽ തന്നെ ചെറിയ രീതിയിൽ ആശുപത്രി ആരംഭിച്ച് ആരുര ചികിത്സാരംഗത്ത് നിസ്വാർത്ഥ സേവനം ചെയ്യാനാണ് ആഗ്രഹമെന്ന് പറഞ്ഞു. ഭാര്യ എമർജൻസി ഫിസിഷ്യനായ ഡോക്ടർ സൽമ എല്ലാ പിന്തുണയുമായി 34 കാരനായ റഫീഖിനൊപ്പമുണ്ട്.പാറേമാവ് ബദരിയ മൻസിലിൽ ഖലീലുദ്ദീൻ ഹാജിയാണ് പിതാവ്, മാതാവ് മിസറിയ സഹോദരൻ അൻസൽ മുഹമ്മദും, ഭാര്യ ബിസ്മിയും ഡോക്ടർമാരാണ്.



