ഡോക്‌ടർമാരില്ല; ഉപ്പുതറ സർക്കാർ ആശുപത്രിക്ക് ചികിത്സ വേണം
ഉപ്പുതറ സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ കൊഴിഞ്ഞ് പോക്കിന് പരിഹാരമില്ല.പനിയും മറ്റു പകർച്ചവ്യാധികളും വ്യാപകമായ സമയത്തും ഉപ്പുതറ സർക്കാർ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. നിലവിൽ ഉള്ള 3 സ്ഥിരം ഡോക്ടർ മാരിൽ ഒരാൾ ഈ മാസം 30 ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറിപ്പോകും. ഇതോടെ 500- മുതൽ 600 വരെ രോഗികൾ വരുന്ന ആശുപത്രിയിലെ ഒ പി യുടെ പ്രവർത്തനം താറുമാറാകും.
തോട്ടം മേഖലയായ ഉപ്പുതറയിലെ ഏക സർക്കാർ ചികിത്സാലയമാണ് ഉപ്പുതറ സി എച്ച് സി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തുണ്ടായ വിവാദങ്ങൾക്ക് ശേഷം നഷ്ടപ്പെട്ട പദവിയും സിവിൽ സർജനും ജീവനക്കാരും എത്തി. ഓ പിയും ഐപിയും രാത്രികാല ചികിത്സയുമുണ്ടായിരുന്നു. ആവശ്യത്തിന് ജീവനക്കാരും ഉണ്ടായിരുന്നു. 7 ഡോക്ടർമാരുടെ സേവനം ലഭിച്ചിരുന്ന ആശുപത്രിയിൽ ഇപ്പോൾ മൂന്ന് സ്ഥിരം ഡോക്ടറും ഒരു താത്കാലിക ഡോക്ടറും ഈവനിംഗ് ഒപി ക്ക് ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച ഡോക്‌ടറും മാത്രമാണ് ഉള്ളത്. ഓരോ ഡോക്ടർമാരായി സ്ഥലംമാറ്റം വാങ്ങിപ്പോയതാണ് ആശുപത്രിയുടെ പ്രവർത്തനത്തിന് തിരിച്ചടിയായത്. ഡോക്ടർമാരുടെ കുറവ് കാരണം മാസങ്ങൾക്ക് മുമ്പ് ഐപി നിലച്ചു. നിലവിൽ ഐപിയിൽ പ്രവേശിപ്പിക്കുന്നവർ സ്വന്തം ഉത്തരവദിത്വത്തിൽ കിടക്കുന്നുവെന്ന് എഴുതി നൽകണം. രാത്രിയിൽ നേഴ്‌സ് മാത്രമാണ് ആശുപത്രിയിൽ ഉള്ളത്. ഡോക്ടർമാരുടെ സ്ഥലംമാറ്റം തടയാൻ മെഡിക്കൽ ഓഫീസർ ശ്രമിച്ചുവെങ്കിലും മുൻ മന്ത്രിയുൾപ്പെടെയുള്ളവരെ സ്വാധീനിച്ചാണ് സ്ഥലം മാറിപോയത് . ഇതോടെ മെഡിക്കൽ ഓഫീസർക്ക് രാത്രികാല ചികിത്സ നിർത്തേണ്ടിവന്നു .
നിലവിൽ ഓ പിയിൽ 3 ഡോക്ടമാർ മാത്രമാണുള്ളത്. മെഡിക്കൽ ഓഫീസർക്ക ഭാരിച്ച ജോലിയുണ്ട്. തിരക്ക് വർദ്ധിക്കുമ്പോൾ ഓഫീസ് ജോലി മാറ്റി വെച്ച് രോഗികളെ നോക്കാനും മനസ് കാണിക്കുന്നത് മാതൃകാപരമാണ്. നിലവിൽ ഉള്ള 3 സ്ഥിരം ഡോക്ടർമാരിൽ ഒരാൾ ഈ മാസം 30 ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറി പോവുകയാണ്. ഇതോടെ 500 നും 600 നും ഇടയിൽ വരുന്ന രോഗികളെ 3 ഡോക്ടർ മാർ നോക്കേണ്ട അവസ്ഥയിലെത്തും. ഉന്നതികളിലും അഞ്ച് സെൻ്ററുകളിലും ക്യാമ്പുകൾ ഉള്ളതിനാൽ 2 ഡോക്ടമാരുടെ സേവനമാകും ഓ പിയിൽ ലഭിക്കുക.
പനിയും മറ്റ് പകർച്ചവ്യാധികളും ആരംഭിച്ചതോടെയാണ് രോഗികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായത്. സേവന രംഗത്ത് മികച്ച നിലവാരമാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്നതെങ്കിലും ഡോക്ടർമാരുടെ കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ പിന്നോട്ടടിക്കുകയാണ്.. പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോഴും രാത്രികാലങ്ങളിൽ ഡോക്ടർമാരില്ലാത്തത് ആദിവാസി ഉന്നതിയിലെയും തോട്ടം മേഖലയിലെയും സുധാരണക്കാരുടെയും ചികിത്സക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അടിയന്തിരമായി ഉപ്പുതറ സിഎച്ച് സിയിൽ ആവശ്യത്തിന് ജീവനക്കാരെയും ഡോക്ടർമാരെയും നിയമിച്ച് ജനങ്ങളുടെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



