വഴിയിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തു; കാഞ്ഞാറില്‍ വീടുകയറി ആക്രമണം നടത്തിയ നാലംഗ സംഘം പിടിയില്‍
വഴിയിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തു; കാഞ്ഞാറില്‍ വീടുകയറി ആക്രമണം നടത്തിയ നാലംഗ സംഘം പിടിയില്‍.വീട്ടിലേക്കുള്ള വഴിയിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്തില്‍ കാവുംപടിയില്‍ വീടുകയറി ആക്രമണം നടത്തിയ നാല് പ്രതികളെ കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാവുംപടി ഭാഗത്ത് മുളയ്ക്കല്‍ ജയന്റെ മക്കളായ വിഷ്ണു ജയന്‍, ജയരാജ്, ജയകൃഷ്ണന്‍, കദളിക്കാട്ടില്‍ ഗൗതം കൃഷ്ണ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതില്‍ വിഷ്ണു ജയന്‍ മുന്‍പ് നടന്ന സാജന്‍ സാമുവല്‍ വധക്കേസിലെ പ്രതിയാണ്. അക്രമിസംഘത്തില്‍ ഉണ്ടായിരുന്ന കാവുംപടി സ്വദേശി ജിമ്മി ഒളിവിലാണ്.
കഴിഞ്ഞ 21-ാം തീയതി രാത്രി 11 മണിയോടെയായിരുന്നു സംഭവം. കാഞ്ഞാര്‍ കാവുംപടി സ്വദേശിയായ രാജീവന്റെ വീട്ടിലേക്കുള്ള വഴിയില്‍ ഇരുന്ന് പ്രതികള്‍ മദ്യപിച്ചിരുന്നു. ഇത് രാജീവന്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമത്തില്‍ കലാശിച്ചത്. പ്രതികള്‍ രാജീവന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തൊടുപുഴ ഡി.വൈ.എസ്.പി പി എം ബൈജുവിന്റെ നിര്‍ദേശപ്രകാരം കാഞ്ഞാര്‍ എസ്.ഐ ഹാഷിം, ഷംസുദ്ദീന്‍, നജീബ്, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ ഹരീഷ് ബാബു, ഷാജഹാന്‍, മുജീബ്, ബാബു സുരേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഒളിവിലുള്ള അഞ്ചാം പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.



