വാഗമൺ വരാട്ടുമേട്ടിൽ വൻ ഭൂമി കയ്യേറ്റം. അനധികൃത നിർമാണം,ജില്ലാ കളക്ടർ നൽകിയ സ്റ്റോപ്പ് മെമ്മോയും അവഗണിച്ച്
വാഗമൺ വരാട്ടുമേട്ടിൽ വൻ ഭൂമി കയ്യേറ്റം.റവന്യൂഭൂമി കയ്യേറിയവർ റിസോർട്ടും കൃഷിയും നടത്തുകയാണ്. ജില്ലാ കളക്ടർ നൽകിയ സ്റ്റോപ്പ് മെമ്മോയും അവഗണിച്ചാണ് ഇവിടെ കയ്യേറ്റം.വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിനടുത്ത്, ഏറ്റവും ആകർഷകമായ കാഴ്ച സമ്മാനിക്കുന്ന സ്ഥലമാണ് വരാട്ടുമേട്.
പാലൊഴുകുംപാറ വെള്ളച്ചാട്ടവും മഞ്ഞുമൂടിയ മലനിരകളും വരാട്ടുമേടിനെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നു. വിനോദസഞ്ചാര സാധ്യതകൾ മുൻകൂട്ടി കണ്ടാണ് ഇവിടെ ഭൂമാഫിയ വൻതോതിൽ ഭൂമി കയ്യേറുന്നത്. ഇടുക്കി ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണ് കയ്യേറ്റക്കാർ.പരാതിയെ തുടർന്ന് പീരുമേട് എംഎൽഎ സിറിയക് തോമസ് സ്ഥലം സന്ദർശിച്ചു.
ഇവിടെ കുറച്ചുനാളുകളായി ചിലർ ഭൂമി കയ്യേറുന്നുവെന്ന് പരാതി ഉയർന്നിരുന്നു. പട്ടയഭൂമി വാങ്ങിശേഷമാണ് സമീപമുള്ള റവന്യൂഭൂമി കയ്യേറുന്നത്. ഇവിടെ റിസോർട്ട് നിർമ്മാണവും തുടങ്ങി. രണ്ട് സ്വകാര്യ വ്യക്തികൾ ഇവിടേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തതിനുശേഷമാണ് ഭൂമി കയ്യേറിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നിർമ്മാണം നിർത്തിവയ്ക്കുവാൻ കളക്ടർ ഉത്തരവിട്ടിരുന്നു. ഇത് അവഗണിച്ചാണ് നിർമ്മാണം തകൃതിയായി നടക്കുന്നത്.

