രാജകുമാരിയിൽ ബൈക്കിടിച്ച് വീട്ടമ്മക്ക് ഗുരുതര പരിക്ക്; പ്രായപൂർത്തിയാകാത്ത ബൈക്ക് യാത്രക്കാരനും ആശുപത്രിയിൽ
രാജകുമാരി ടൗണിൽ നിയന്ത്രണം വിട്ട ഇരുചക്ര വാഹനം ഇടിച്ച് കാൽനടയാത്രികക്ക് ഗുരുതരമായി പരിക്കേറ്റു. രാജകുമാരി ബി ഡിവിഷൻ സ്വദേശി ചാണകപ്പാറയിൽ സുശീല ശശി (48) ക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. സുശീല ടൗണിലൂടെ നടന്നുപോകുന്നതിനിടയിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു. കുംഭപ്പാറ സ്വദേശിയായ 16കാരനാണ് ബൈക്ക് ഓടിച്ചിരുന്നത്.
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സുശീലയെ ഇടിച്ച ശേഷം സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ചാണ് മറിഞ്ഞത്.അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ രാജാക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രായപൂർത്തിയാകാത്തയാൾ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





