നിതിൻ രാജിന്റെ മരണത്തിൽ ഗവർണർ ഇടപെടണമെന്ന് ദലിത് സംയുക്ത സമിതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 28 -ാം തിയതി വിവിധ ദളിത് സംഘടനകൾ നേതൃത്വം നൽകുന്ന നിധിൻ രാജ് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാൻ തീരുമാനിച്ചിരിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു .
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ BDS വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കുടുംബത്തിന് നീതി ലഭ്യമാകുവാൻ നിലവിലെ കേരളത്തിലെ സാഹചര്യത്തിൽ ഗവർണർ അടിയന്തിര ഇടപെടൽ നടത്തണമെന്നും ഗവൺമെന്റിനോട് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെടണമെന്നും ദളിത് സംയുക്ത സമിതി ആവശ്യപ്പെട്ടു.
നിതിൻ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുക. 10 കോടി രൂപ നഷ്ടപരിഹാരമായി കുടുംബത്തിന് അനുവദിക്കുക, മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, ഡെന്റൽ കോളേജിന്റെ അംഗീകാരം റദ്ദ് ചെയ്യുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ നടക്കുന്നത്.
നിതിൻ രാജിന്റെ ദുരൂഹ മരണത്തിലൂടെ ഒരു കുടുംബത്തിന്റെ അടിവേര് അറക്കപ്പെടുകയാണ് ചെയ്‌തത്. അത്തരത്തിൽ തകർന്നു പോയ ഒരു കുടുംബത്തിന് യഥാർത്ഥത്തിൽ കിട്ടേണ്ട നീതി ലഭിച്ചോ എന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും സംഭവം നടന്ന് ഇത്ര ദിവസമായിട്ടും കുറ്റക്കാരെ അറസ്റ്റ് ചെയ്യാതെ പോലീസ് സംരക്ഷിക്കുന്നത് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല എന്നും ശക്തമായ പ്രതിഷേധം കേരളം മുഴുവൻ അലയടിക്കുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ സാജു വള്ളക്കടവ് കെടി ജയൻ, പി കെ അപ്പുക്കുട്ടൻ, സി എസ് രാജേന്ദ്രൻ , പെണ്ണമ്മ രാജൻ തുടങ്ങിയവർ പങ്കെടുത്തു.





