അടിമാലി കല്ലാര്‍കുട്ടിയിൽ വാഹനാപകടം;ഭാരം കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു
കല്ലാര്‍കുട്ടി ടൗണില്‍ വാഹനാപകടം.ഭാരം കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു.രാവിലെയാണ് അപകടം സംഭവിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.
അടിമാലി കുമളി ദേശിയപാതയില്‍ കല്ലാര്‍കുട്ടി ടൗണിലാണ് അപകടം സംഭവിച്ചത്. മത്സ്യ വില്‍പ്പന ശാലകളിലേക്കുള്ള ഐസ് കയറ്റി വരികയായിരുന്ന ലോറി പാതയോരത്തേക്ക് മറിയുകയായിരുന്നു. അടിമാലി ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.ടൗണിന് സമീപമുള്ള ഇറക്കമിറങ്ങുന്നതിനിടയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാകാം അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
വാഹനം മറിഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്ന ഐസ് റോഡിലേക്ക് പതിച്ചു.വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.നിലവില്‍ ദേശിയപാതയില്‍ ഗതാഗത തടസ്സമില്ല.





