ഇടുക്കിയിലെ റോഡുകള്‍ ലോകോത്തര നിലവാരത്തിലാക്കി: റോഷി അഗസ്റ്റിന്‍
ചെറുതോണി: ഇടുക്കി മണ്ഡലത്തിലെ ഗ്രാമീണ റോഡുകളടക്കം ഒട്ടുമിക്ക റോഡുകളും ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍. മണ്ഡല പര്യടനത്തിന്റെ ഭാഗമായി കൊന്നത്തടിയില്‍ വിവിധ പോയിന്റുകളില്‍ സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിമാലി - നത്തുകല്ല് റോഡ് ഇതിനൊരു ഉദാഹരണമാണ്. പണി പൂര്‍ത്തിയാകുന്നതോടു കൂടി ജില്ലയിലെ തന്നെ ഏറ്റവും മികച്ച റോഡായി ഇതു മാറും. ഒട്ടുമിക്ക റോഡുകളുടെയും പണി തുടങ്ങിക്കഴിഞ്ഞു. ശേഷിക്കുന്നതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇതിന്റെ പ്രവൃത്തികളും ഉടന്‍ ആരംഭിക്കുമെന്നും റോഷി പറഞ്ഞു.
വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പാലിക്കുന്ന സര്‍ക്കാരാണിത്. പട്ടയ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ സാധിച്ചു. ഏലം എന്ന് ലാന്‍ഡ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ പട്ടയം നല്‍കാന്‍ ഉത്തരവിറക്കി. തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പട്ടയ നടപടികള്‍ പുനരാരംഭിക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. 26 പോയിന്റുുകളിലാണ് സ്ഥാനാര്‍ഥിക്ക് സ്വീകരണം ഒരുക്കിയത്. നാട്ടുകാര്‍ കണിക്കൊന്നപ്പൂക്കള്‍ നല്‍കിയും ഷാളണിയിച്ചുമാണ് പലയിടത്തും സ്ഥാനാര്‍ഥിക്ക് സ്വീകരണം ഒരുക്കിയത്. കനത്ത വെയിലും ചൂടും അവഗണിച്ച് കൊച്ചുകുട്ടികളുമായാണ് പലരും റോഷിയെ സ്വീകരിക്കാനും നേരില്‍ കാണാനും എത്തിയത്.
കൊന്നത്തടി പഞ്ചായത്തിലെ പര്യടനം ചിന്നാറില്‍ സിപിഎം ജില്ലാ കമ്മിറ്റി എന്‍.വി. ബേബി ഉദ്ഘാടനം നിര്‍വഹിച്ചു. പാറത്തോട് നടന്ന സമാപന സമ്മേളം അഡ്വ. ജോയ്‌സ് ജോര്‍ജ് എക്‌സ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു.



