കോണ്‍ഗ്രസ്സ് ജയിച്ചാല്‍ ജനങ്ങള്‍ മലയിറങ്ങി പോകേണ്ടിവരും - സി.പി.ഐ.എം
കോണ്‍ഗ്രസ്സിന് ജില്ലയുടെ നിയന്ത്രണം ഉണ്ടായാല്‍ പരിസ്ഥിതി വാദികളുടെ വിഹാരകേന്ദ്രമായി ഇടുക്കി മാറുമെന്നും നിയമക്കുരുക്കിലും കോടതി വ്യവഹാരങ്ങളിലും തളച്ചിട്ട് ഇടുക്കിയിലെ ജനങ്ങളുടെ ജീവിതം അത്യന്തം ദുസ്സഹമായിമാറുമെന്നും സെക്രട്ടേറിയേറ്റ് വ്യക്തമാക്കി. കഴിഞ്ഞ 20 വര്‍ഷമായി ഇടുക്കിയിലെ ജനങ്ങളുടെ അനുഭവമാണിത്. ഇടുക്കിയിലെ 80 ശതമാനം സ്ഥലവും വാസയോഗ്യമല്ലെന്ന് പ്രഖ്യാപിച്ച മുന്‍ ഡി.സി.സി പ്രസിഡന്‍റാണ് ഇടുക്കി മണ്ഡലത്തില്‍ മത്സരിക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞും കപട പരിസ്ഥിതി സംഘടനകള്‍ക്കൊപ്പം നിന്ന് ജില്ലയെ ഒറ്റികൊടുത്തവര്‍ പ്രശ്ചന്നവേഷം ധരിച്ചെത്തുമ്പോള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നുറപ്പാണ്.
അന്താരാഷ്ട്ര ഫണ്ട് ലക്ഷ്യമാക്കി ഇടുക്കിയിലെ ജനങ്ങളെ കുടി ഒഴിപ്പിക്കാനും വനവല്‍ക്കരണം നടത്താനുമാണ് കോണ്‍ഗ്രസ്സ് കേന്ദ്രം ഭരിച്ചപ്പോള്‍ ഗഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മീഷനുകളെ ഇടുക്കിയിലേക്ക് അയച്ചത്. ഈ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് മലയോര മേഖലയില്‍ ഉയര്‍ന്നുവന്ന സമാനതകളില്ലാത്ത സമരത്തെ തള്ളിപ്പറഞ്ഞവരും മതമേലധ്യക്ഷന്‍മാരെയും പുരോഹിന്‍മാരെയും അധിഷേധിപ്പിക്കുകയും അപമാനിക്കുകയും ചെയ്തിട്ടുള്ളവരാണ് സ്ഥാനാര്‍ത്ഥിയായി വന്നിട്ടുള്ളത്.
അന്താരാഷ്ട്ര വനവല്‍ക്കരണ പദ്ധതിയായ ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍റ്സ്കെപ് പ്രൊജക്ട് (എച്ച്.ആര്‍.എം.എല്‍) ഇടുക്കിയില്‍ നടപ്പാക്കാന്‍ നേതൃത്വം നല്‍കിയിത് വനം മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. ആ സമയത്ത് ഡി.സി.സി പ്രസിഡന്‍റായിരുന്ന ഇപ്പോളത്തെ ഇടുക്കി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പദ്ധതിയോടൊപ്പം നില്‍ക്കുകയും സമരത്തെ എതിര്‍ക്കുകയുമാണ് ചെയ്തത്. ഇടുക്കിയിലെ എല്ലാ മത സാമുദായിക സംഘടനകളും ഇടതുപക്ഷവും നടത്തിയ ശക്തമായ ചെറുത്തുനില്‍പ്പിലാണ് എച്ച്.ആര്‍.എം.എല്‍ പദ്ധതിയും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും നടപ്പാക്കാതെപോയത്. ഗോത്ര ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കുറത്തിക്കുടിയിലേക്കുള്ള റോഡ് നിര്‍മ്മാണം തടസ്സപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച കലുങ്കുകള്‍ വനംവകുപ്പ് സ്പോടക വസ്തുകള്‍ വച്ച് തകര്‍ത്തപ്പോള്‍ അതിനെതിരെ ഉയര്‍ന്നുവന്ന ജനകീയ സമരത്തിനൊപ്പം അന്നത്തെ ഡി.സി.സി പ്രസിഡന്‍റ് നിന്നില്ലായെന്നുമാത്രമല്ല വനംവകുപ്പിന് ഒത്താശയും ചെയ്തു.
അടൂര്‍ പ്രകാശ് റവന്യൂമന്ത്രിയായിരിക്കെ പട്ടയം കിട്ടിയ ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലായെന്ന വ്യവസ്ഥ കൊണ്ടുവന്നു. പട്ടയത്തിന് വരുമാന പരിധിവെച്ച് ഒരു ലക്ഷം രൂപയ്ക്ക് മേല്‍ വരുമാനം ഉള്ളവര്‍ക്ക് പട്ടയം നിഷേധിച്ചു. പട്ടയത്തിന് അര്‍ഹതയുള്ള ഭൂമി 4 ഏക്കറില്‍ നിന്ന് ഒരേക്കറായി ചുരുക്കി. ഈ ഉത്തരവുകളെല്ലാം ഇറങ്ങുമ്പോള്‍ ഡി.സി.സി പ്രസിഡന്‍റായിരുന്നയാളാണ് ഇടുക്കിയില്‍ മത്സരിക്കുന്നത്.
നഗര ജീവിതത്തിന്‍റെ സുഖ സമൃദ്ധിയില്‍ തൊടുപുഴയില്‍ രാഷ്ട്രീയ നേതാവായി നിലനിന്നുകൊണ്ട് മലയോര ജനതയെ വരിഞ്ഞ് മുറുക്കിയപ്പോഴെല്ലാം ഊറിച്ചിരിക്കുകയായിരുന്നു ഇത്തരക്കാര്‍. കോണ്‍ഗ്രസ്സ് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെക്കൊണ്ട് ഹൈക്കോടതിയില്‍ കേസ് നല്‍കിച്ച് നിര്‍മ്മാണ നിരോധനം കൊണ്ടുവരികയും ജില്ലയുടെ പുരോഗതിയെ തടസ്സപ്പെടുത്തുകയും ചെയ്തു. ആയരക്കണക്കായ കര്‍ഷകര്‍ക്ക് കടമുറികള്‍ നിര്‍മ്മിക്കാനോ ഫാം പണിയുന്നതിനോപോലും സാധിക്കാത്ത അവസ്ഥയുണ്ടായി. പട്ടയ വിതരണത്തെ തടസ്സപ്പെടുത്തുകയും പരിസ്ഥിതി സംഘനകളുടെ പിന്നില്‍ നിന്ന് കരുക്കള്‍ നീക്കി കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിക്കുകയും ചെയ്തു.
ഇത്തരത്തില്‍ ഇടുക്കിയില്‍ ഒരുവിധത്തിലും ജീവിക്കാന്‍ അനുവദിക്കാത്തത്ര ക്രൂരമായ സമീപനമാണ് കോണ്‍ഗ്രസ്സ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. ഇടുക്കി ജില്ലയിലെ എല്‍.ഡി.എഫ് ജില്ലാ നേതൃത്വത്തെയും യുഡി.എഫ് നേതൃത്വത്തെയും ജനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. നിയമക്കുരുക്കിലും പരിസ്ഥിതി നിയന്ത്രണത്തിലും യു.ഡി.എഫ് ഇടുക്കിയെ തളച്ചിട്ടപ്പോള്‍ അതിനെ മറികടക്കാന്‍ മുന്നില്‍ നിന്നത് എല്‍.ഡി.എഫ് എം.എല്‍.എമാരും നേതൃത്വവുമാണ്. നിര്‍മ്മാണ നിര്‍രോധനം നീക്കി ഉത്തരവിറക്കി. ഭൂനിയമ ഭേദഗതിയില്‍ ചട്ടരൂപീകരണവും നടപ്പാക്കി 45000 പേര്‍ക്ക് പട്ടയം നല്‍കി.
എല്‍.ഡി.എഫ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുകയും സമുദായിക നേതാക്കളെ അധിഷേപിക്കുകയും ശീലമാക്കിയവര്‍ ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ പരാജയപ്പെടും. ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ 20 വര്‍ഷമായി തിരിച്ചറിയുന്ന ഇടുക്കിയിലെ ജനങ്ങള്‍ ഇത്തവണ അഞ്ച് സീറ്റിലും എല്‍.ഡി.എഫ് അത്യുജല വിജയം നല്‍കുമെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗ്ഗീസ് പറഞ്ഞു.



