വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ തെരുവ് നാടകവുമായി കുടുംബശ്രീ
കുടുംബശ്രീയുടെയും, സ്വീപിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തെരുവ് നാടകപര്യടനത്തിന് ജില്ലയില്‍ തുടക്കമായി. കുടുംബശ്രീ കലാസമിതി രംഗശ്രീയുടെ നാടക പര്യടനത്തിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാകളക്ടര്‍ ദിനേശന്‍ ചെറുവാട്ട് നിര്‍വഹിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 7 വരെ രംഗശ്രീയുടെ നാടകം അരങ്ങേറും.
ഇന്നലെ (മാര്‍ച്ച് 31) കുമളി ഗ്രാമപഞ്ചായത്തില്‍ കുമളി, മണ്ണാംകുടി, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ വള്ളക്കടവ് എന്നിവിടങ്ങളില്‍ നാടകം അരങ്ങേറി. ഏപ്രില്‍ 1ന് അടിമാലി ഗ്രാമപഞ്ചായത്തിലെ പ്ലാമലക്കുടി, ഇരുമ്പ്പാലം, ചിന്നപൂവ്കുടി എന്നിവിടങ്ങളിലും ഏപ്രില്‍ 5 ന് കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കോവില്‍ക്കടവ്, ദണ്ഡുക്കൊമ്പ്, പൊങ്കമ്പിള്ളി എന്നിവിടങ്ങളിലും ഏപ്രില്‍ 6 ന് വട്ടവട ഗ്രാമപഞ്ചായത്തില്‍ വട്ടവട ബസ് സ്റ്റാന്‍ഡ്, കൊട്ടക്കാമ്പൂര്‍, കോവിലൂര്‍ പ്രദേശങ്ങളിലും ഏപ്രില്‍ 7 ന് മറയുര്‍ ഗ്രാമപഞ്ചായത്തിലെ മറയൂര്‍ ടൗണ്‍, നൂറുവീട്, കൂടക്കാട് എന്നിവടങ്ങളിലാണ് നാടകം സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി വോട്ടിംഗ് പങ്കാളിത്തം വര്‍ധിപ്പിക്കുക, വോട്ടിംഗ് യന്ത്രം ഉപയോഗം, വിവിപാറ്റ് സംവിധാനം പരിചയപ്പെടുത്തുക, ഹോം വോട്ടിംഗ് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് 'വിരല്‍ത്തുമ്പിലെ ജനാധിപത്യം' എന്ന തെരുവ് നാടകം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രികരിച്ചാണ് നാടകം ക്രമീകരിച്ചിരിക്കുന്നത്. കുടുംബശ്രീയുടെ കലാസമിതി രംഗശ്രീയുടെ ഇടുക്കി വിഭാഗം വേദിക രംഗശ്രീയിലെ അഞ്ചംഗ സംഘമാണ് നാടകം അവതരിപ്പിക്കുന്നത്. ഇടുക്കി ജില്ലാ സ്വദേശികളായ സുജന്തി, ഷൈലജ, ഓമന,ജമീല, ലൗലി എന്നിവരാണ് അഭിനേതാക്കള്‍.



