മുക്കുപണ്ടം പണയം വച്ച് 2.22 ലക്ഷം തട്ടിയ തൃശൂര്‍ സ്വദേശിനി അറസ്റ്റില്‍
മുക്കുപണ്ടം പണയം വച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് 2,22,000 രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയെ നാടകീയമായി പിടികൂടി.തൃശൂർ ആമ്പല്ലൂർ തണ്ടാശേരി വീട്ടില്‍ ഷീജ(46)യാണ് പിടിയിലായത്. ഞാറക്കല്‍ ഉള്ള ഒരു പരിചയക്കാരി മുഖേന ഞാറക്കല്‍ കോലഞ്ചേരി ഫൈനാൻസില്‍ നിന്ന് കഴിഞ്ഞ 11നും 14 നുമാണ് വ്യാജ ആഭരണങ്ങള്‍ പണയം വച്ചത്. 916 എന്ന് വ്യാജ മുദ്ര പതിച്ച ആഭരണങ്ങളായിരുന്നു എല്ലാം .സംശയം തോന്നിയാണ് ഫിനാൻസ് ഉടമ പോലീസില്‍ പരാതി നല്‍കിയത്. തുടർന്ന് പണയം വച്ച സ്ത്രീയെ പോലീസ് ചോദ്യം ചെയ്തു. ഇതിനിടെ വീണ്ടും സ്വർണം പണയം വയ്ക്കാനായി പ്രതി പരിചയക്കാരിയായ സ്ത്രീയെ സമീപിച്ചു. ഇവർ വിവരം പോലീസിനെ അറിയിക്കുകയും പോലീസ് പറഞ്ഞ പ്രകാരം ഇവരോട് വരാൻ പറയുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് പിടിയിലായത്.പ്രതിക്ക് സമാന രീതിയിലുള്ള 16 കേസുകള്‍ തൃശൂർ പുതുക്കാട് സ്റ്റേഷനിലും, 13 കേസുകള്‍ കൊടകര, ചാലക്കുടി, തൃശൂർ വെസ്റ്റ്, മാള, മുളവുകാട്, കളമശേരി, ആലുവ, മുനമ്പം സ്റ്റേഷനുകളിലും ഉള്ളതായി പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ സിഐ സതീഷ്, എസ്‌ഐ ഷൈൻ, വനിത പോലീസുകാരായ ജിഷാദേവി, ഐശ്വര്യ എന്നിവരാണ് ഉണ്ടായിരുന്നത്.

