10 മാസം പ്രായമുള്ള കുട്ടിയുടെ ശരീരത്തില്‍ 600 ഓളം സൂചി കുത്തിയ പാടുകള്‍; പിന്നാലെ അമ്മ അറസ്റ്റില്‍
കുട്ടികള്‍ ഏറ്റവും കുടുതല്‍ പീഡനം അനുഭവിക്കുന്നത് സ്വന്തം വീടുകളില്‍ നിന്ന് തന്നെയാണ്. വീട്ടിലെ അസ്വസ്ഥകരമായ അന്തരീക്ഷം കുട്ടികള്‍ക്ക് നേരെയുള്ള പീഡനം കൂട്ടാൻ കാരണമാകുന്നു.അത്തരമൊരു സംഭവത്തിന്‍റെ അസാധാരണമായൊരു വീഡിയോ കണ്ട് ചൈനീസ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അമ്പരന്നു. ചൈനീസ് സമൂഹ മാധ്യമത്തില്‍ സ്പൈൻ സർജൻ ഡോ. സുയി വെൻയുവാൻ എന്ന ഒരു പേജില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പട്ടതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴുത്തില്‍ തറച്ച സൂചി
ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സിൻഹുവ ആശുപത്രിയിലെ സ്പൈൻ സെന്‍ററില്‍ അറ്റൻഡിംഗ് ഡോക്ടറായി ജോലി ചെയ്യുന്നയാളാണ് ഡോ. സുയി വെൻയുവാൻ. പത്ത് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കഴിഞ്ഞ ഡിസംബറില്‍ പനിയും കോച്ചിവലിച്ചലും ബാധിച്ച് മോജിയാങ് കൗണ്ടിയിലെ പീപ്പിള്‍സ് ആശുപത്രിയിലെ പീഡിയാട്രിക്സ് വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹം പറയുന്നു. ഇതോടെയാണ് അമ്മയുടെ ക്രൂരത പുറം ലോകമറിഞ്ഞത്. ശരീരം മുഴുവനും ഏതാണ്ട് 600 ഓളം തവണ സൂചി കുത്തിയ പാടുകളാണ് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിന്‍റെ ഉള്ളം കാലിലും ചെവിക്ക് പുറകിലും തലയിലും എന്ന് വേണ്ട ആ കുഞ്ഞ് ശരീരം മുഴുവനും സൂചി കുത്തിയ പാടുകളായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ കഴുത്തില്‍ ഒരു സൂചിയുടെ ഭാഗം ഒടിഞ്ഞ് തറച്ച നിലയില്‍ കണ്ടെത്തി, പിന്നാലെ കുട്ടിക്ക് അടിയന്തരമായി സ്പൈനല്‍ സർജറി ചെയ്യുകയും ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്‍റെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഡോക്ടർ അറിയിച്ചു.
കടുത്ത ശിക്ഷ നല്‍കണം
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് കടുത്ത പനി ഉണ്ടായിരുന്നു, അത് ചിലപ്പോള്‍ സൂചിയിലെ തുരുമ്പ് കൊണ്ടായിരിക്കാമെന്നും ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷം, കുട്ടിയുടെ താപനില കുറഞ്ഞു. പിന്നാലെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും വാർഡിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയുടെ അമ്മയ്ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അവനെ അമ്മയില്‍ നിന്നും മാറ്റി സുരക്ഷിതമായൊരിടത്ത് പാർപ്പിക്കണമെന്നും സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴെല്ലാം കുട്ടിയുടെ അമ്മ അവനെ പരമ്പരാഗത നാടോടി "സൂചി കുത്തിവയ്ക്കല്‍" ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



