ഹയര്‍സെക്കൻഡറി പ്രിൻസിപ്പല്‍ സ്ഥലംമാറ്റം; അധ്യയനവര്‍ഷം തീരാറായിട്ടും അപേക്ഷ ക്ഷണിക്കല്‍പോലും നടന്നില്ല

Jan 24, 2026 - 10:57
 0
ഹയര്‍സെക്കൻഡറി പ്രിൻസിപ്പല്‍ സ്ഥലംമാറ്റം; അധ്യയനവര്‍ഷം തീരാറായിട്ടും അപേക്ഷ ക്ഷണിക്കല്‍പോലും നടന്നില്ല
This is the title of the web page

ജൂണില്‍ നടക്കേണ്ട ഹയർസെക്കൻഡറി പ്രിൻസിപ്പല്‍മാരുടെ സ്ഥലംമാറ്റം അധ്യയനവർഷം അവസാനിക്കാറായിട്ടും അനിശ്ചിതത്വത്തില്‍.മാർച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ അപേക്ഷ ക്ഷണിച്ച്‌ ജൂണില്‍ പുതിയ സ്‌കൂളില്‍ ചേരാൻ പാകത്തിന് സ്ഥലംമാറ്റ നടപടികള്‍ പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. വർഷങ്ങളായി അത് വൈകിപ്പോകുന്നതാണ് പതിവ്. കഴിഞ്ഞ അധ്യയനവർഷത്തില്‍ ഒക്ടോബറില്‍ അപേക്ഷ ക്ഷണിച്ച്‌ ഡിസംബറില്‍ സ്ഥലംമാറ്റം നടന്നിരുന്നു. എന്നാല്‍, ഇക്കൊല്ലം അപേക്ഷ ക്ഷണിക്കല്‍പോലും ഇതുവരെ നടന്നില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇക്കൊല്ലം മുതല്‍ ഓണ്‍ലൈൻ ആയാണ് സ്ഥലംമാറ്റം നടത്തുകയെന്നായിരുന്നു പറഞ്ഞത്. അതിനുവേണ്ടി സ്‌പെഷ്യല്‍ റൂള്‍ ഉണ്ടാക്കണമെന്ന പേരില്‍ ആദ്യമാസങ്ങളില്‍ ഒന്നും ചെയ്യാതിരുന്നു. അധ്യാപകസംഘടനകളുടെ സമ്മർദത്തെത്തുടർന്ന് നവംബറോടെ റൂള്‍ പ്രസിദ്ധീകരിച്ചു. ഒരു തുടർനടപടിയും ഉണ്ടായില്ല. അത് സംഘടനകളുടെ അഭിപ്രായങ്ങള്‍ക്കായി നല്‍കിയെന്നാണ് അനൗദ്യോഗികവിശദീകരണം.

രാഷ്ട്രീയ, ഭരണതലങ്ങളിലെ പിടിപാടനുസരിച്ചാണ് മുൻവർഷങ്ങളില്‍ പ്രിൻസിപ്പല്‍മാരുടെ സ്ഥലംമാറ്റം നടന്നതെന്ന ആക്ഷേപം വ്യാപകമായിരുന്നു. സീനിയോറിറ്റിയുള്‍പ്പെടെയുള്ള ഒരുമാനദണ്ഡവും പാലിക്കാതെ ഏറ്റവും ജൂനിയറായവർക്കുപോലും ഇഷ്ടാനുസരണം സ്ഥലംമാറ്റം കിട്ടുന്നത് അനീതിയാണെന്ന് പരാതി ഉയർന്നിരുന്നു. ഇത് പരിഗണിച്ചാണ് സ്ഥലംമാറ്റ പ്രക്രിയ ഓണ്‍ലൈനാക്കാൻ തീരുമാനിച്ചത്. അതോടെ സ്ഥലംമാറ്റം തന്നെ വൈകിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സാധാരണയായി, അധ്യാപകർക്ക് പ്രിൻസിപ്പല്‍മാരായി സ്ഥാനക്കയറ്റം നല്‍കാറ് പ്രിൻസിപ്പല്‍മാരുടെ സ്ഥലംമാറ്റം പൂർത്തിയായശേഷമാണ്. ഇക്കുറി സ്ഥലംമാറ്റം നടക്കാത്ത സാഹചര്യത്തില്‍ സ്ഥാനക്കയറ്റം ലഭിക്കേണ്ടവർക്ക് ഒരു വർഷം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവും. അത് ഒഴിവാക്കാൻ അവർക്ക് പ്രിൻസിപ്പല്‍മാരായി സ്ഥാനക്കയറ്റം നല്‍കിയാല്‍ സ്ഥലംമാറ്റത്തിനുള്ള അപേക്ഷകരുടെ എണ്ണം കൂടുമെന്ന ആശങ്കയും നിലവിലുള്ള പ്രിൻസിപ്പല്‍മാർക്കുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow