ക്ഷേത്രോത്സവത്തിനിടെ RSS ഗണഗീതം പാടി; കണ്ണൂരില്‍ സ്റ്റേജില്‍ കയറി പാട്ട് നിര്‍ത്തിച്ച് സിപിഐഎം പ്രവര്‍ത്തകര്‍
ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിനെ തുടർന്ന് സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ഇടപെട്ട് പാട്ട് നിർത്തിച്ചു.കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്ര മഹോത്സവത്തിനിടെയായിരുന്നു സംഭവം. തൃശ്ശൂരില്‍ നിന്നുള്ള ഗായകസംഘം ഗാനമേളക്കിടെ ഗണഗീതം ആലപിക്കുകയായിരുന്നു.ഇന്നലെ രാത്രി നടന്ന ഗാനമേളയില്‍ 'പരമ പവിത്രമതാമീ മണ്ണില്‍' എന്ന ഗണഗീതം പാടുന്നതിനിടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേജില്‍ കയറി പ്രതിഷേധിച്ചത്. പിന്നാലെ സിപിഐഎം പ്രവർത്തകരും ഇടപെട്ടതോടെ, പാട്ട് പൂർണമായി ആലപിക്കാതെ ഗായകസംഘം ഗാനം അവസാനിപ്പിക്കുകയായിരുന്നു.അമ്പലങ്ങളെ കേന്ദ്രീകരിച്ച് ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഗണഗീതം പാടിപ്പിച്ചതെന്ന ആരോപണവും ഡിവൈഎഫ്ഐ ഉന്നയിച്ചു. ആർഎസ്എസ് അജണ്ടകള്‍ നടപ്പാക്കാൻ ശ്രമിക്കുന്ന വർഗീയവാദികളുടെ ഇത്തരം നീക്കങ്ങളെ തിരിച്ചറിയാൻ ജനം തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ വാർത്താക്കുറിപ്പില്‍ അറിയിച്ചു. ഡിവൈഎഫ്ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

