ചെറുതോണി ബസ് സ്റ്റാന്‍ഡ് നിർമാണം അവസാന ഘട്ടത്തിൽ; അടുത്ത മാസം തുറന്ന് കൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
ചെറുതോണി: ഇടുക്കി പോലീസ് സ്‌റ്റേഷനുസമീപം പുതുതായി നിര്‍മ്മിച്ച ചെറുതോണി ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് അടുത്ത മാസം തുറന്നു കൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ബസ് സ്റ്റാൻഡ് കെട്ടിടവും കാത്തിരിപ്പ് സൗകര്യങ്ങളും ടോയ്‌ലെറ്റ് സംവിധാനങ്ങളും ഇതിനോടകം പൂര്‍ത്തിയായി. ഏകദേശം 20 മീറ്റര്‍ മാത്രം ദൂരത്തുള്ള നിര്‍മ്മാണമാണ് മഴ മൂലംശേഷിച്ചിരുന്നത്. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ അടുത്ത മാസം മുതല്‍ ബസ് സ്റ്റാന്റ് പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുമെന്ന് മന്ത്രി അറിയിച്ചു.
സ്റ്റാൻഡിനൊപ്പം ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സ് ടെണ്ടര്‍ ചെയ്ത് നല്‍കിയിരുന്നു. എന്നാൽ ബസ് സ്റ്റാൻഡിലേക്കുള്ള വഴിയും പുറത്തേക്കുള്ള വഴിയും രണ്ട് ഭാഗത്തായിരിക്കണമെ് റീജണല്‍ ട്രാന്‍സ്‌പോർട്ട് ഓഫീസര്‍ അറിയിച്ചതോടെ അടിയന്തിരമായി ഒരു വഴികൂടി നിർമ്മിക്കേണ്ട സാഹചര്യം ഉണ്ടായതാണ് ഉദ്ഘാടനം വൈകിയത്.
പിന്നീട് എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് ഒരു കലുങ്ക് കൂടി നിര്‍മ്മിക്കുകയും ബസ് സ്റ്റന്റിന് പിന്‍ഭാഗം മുതല്‍ റോഡില്‍ നിന്നുള്ള പ്രവേശന കവാടം വരെ ഇറിഗേഷന്‍ വകുപ്പ് മുഖേന സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കി. ഇതോടൊപ്പം കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് എം.എല്‍.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് നടത്തി ബസ്‌വേയും പാര്‍ക്കിംഗ് എര്യയും സജ്ജമാക്കി. നിർദിഷ്ട ബസ് സ്റ്റാന്റില്‍ നിന്ന് പുറത്തേക്കുള്ള റോഡില്‍ കലിങ്കിനോട് ചേര്ന്നുള്ള ഭാഗം കഴിഞ്ഞ മഴക്കാലത്ത് ഇടിഞ്ഞുപോയതിനാല്‍ ഇവിടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് താമസംനേരിട്ടിരുന്നു. മഴ കുറഞ്ഞതോടെ ഈ ഭാഗം ദ്രുത ഗതിയിൽ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്.
പുതിയ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് കെ.എസ്.ആര്‍.റ്റി.സി. ഡിപ്പോ കൂടി ആരംഭിക്കുന്നതിന് നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായി വരികയാണ്. പോലീസ് സ്‌റ്റേഷനും ബസ് സ്റ്റാന്റിനും ഇടയിലുള്ള ഭാഗത്തായി ഫോര്‍വേ ഗ്യാരേജ് നിര്‍മ്മിക്കുതിനായി 42 സെന്റ് സ്ഥലം കെ.എസ്.ആര്‍.ടി.സി ഏറ്റെടത്തിട്ടുണ്ട്. ടൗൺ ഹാളിന് സമീപവും വാഴത്തോപ്പ് പഞ്ചായത്തിന്റെ മാര്‍ക്കറ്റിന്റെ സമീപത്തുമായി ആകെ രണ്ട് ഏക്കര്‍ സ്ഥലമാണ് കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ചത്. ഗ്യാരേജ് നിര്‍മ്മാണത്തിനായി 2 കോടി രൂപ അനുവദിക്കുകയും പൊതുമരാമത്ത് വകുപ്പ് മുഖേന ടെണ്ടര്‍ ചെയ്തിട്ടുള്ളതുമാണ്.
നിര്‍മ്മാണം പൂര്‍ത്തിയായ ബസ് സ്റ്റാന്റില്‍ നിന്നും രണ്ട് പാതകൾ ക്രമീകരിക്കാന്‍ നേരിട്ട കാലതാമസം കാലാവസ്ഥ അനുകൂലമായതോടെ പരിഹരിക്കാന്‍ കഴിഞ്ഞു. 3 കോടി 40 ലക്ഷം രൂപ ചെലവില്‍ ബസ് സ്റ്റാന്റിലേക്കുള്ള പ്രവേശന കവാടം മുതല്‍ നിർദിഷ്ട കെ.എസ്.ആര്‍.ടി.സി ഗ്യാരേജിന് പിന്‍ഭാഗത്തുകൂടി കടന്നുപോയി പോലീസ് സ്‌റ്റേഷന് മുന്‍ഭാഗം വരെയുള്ള ഭാഗമാണ് സംരക്ഷണ ഭിത്തികളാണ് നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നത്. ഇതു കൂടി പൂർത്തിയാക്കുന്നതോടെ ബസ് സ്ഥാൻഡ് ജനങ്ങൾക്കായി തുറന്നു കൊടുക്കും.



