സമരക്കാർ കീറിയെറിഞ്ഞത് ഇടുക്കിയിലെ ജനങ്ങളുടെ സ്വപ്നം: മന്ത്രി റോഷി
രാഷ്ട്രീയം നോക്കാതെ ബില്ല് പാസാക്കാൻ മന്ത്രിയുടെ അഭ്യർത്ഥന
തൊടുപുഴ: ഇടുക്കിയിലെ ജനങ്ങളുടെ ഏറ്റവും വലിയ ആശങ്ക പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അവതരിപ്പിച്ച ഭൂമിപതിവ് ഭേദഗതി ബില്‍ സമരത്തിന്റെ പേരിൽ കലക്‍ടറേറ്റിന് മുന്നിൽ കീറിയെറിഞ്ഞത് ഹൃദയഭേദകമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നാളിതുവരെയുള്ള നിർമാണങ്ങൾ ക്രമപ്പെടുത്തുന്നതിനും നിലവിൽ പട്ടയമുള്ള ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കുന്നതിനും സർക്കാരിന് അധികാരം നൽകുന്നതിനാണ് ബില്‍ അവതരിപ്പിച്ചത്.
സബ്ജക്‍ട് കമ്മിറ്റിക്ക് വിട്ടിരിക്കുന്ന ബില്‍ നിയമസഭയിൽ മടങ്ങിയെത്തി അംഗങ്ങൾക്ക് ചർച്ചചെയ്യാൻ അവസരമുണ്ട്. പോരായ്‍മകൾ ഉണ്ടെങ്കിൽ അപ്പോൾ ചൂണ്ടിക്കാട്ടാം. ഇപ്പോഴേ എതിർക്കുന്നത് അനൗചിത്യമാണ്. ഭാവി നിർമാണങ്ങൾ പറഞ്ഞ് ഒരു ബില്ലും തയാറാക്കാനാവില്ല. അങ്ങനെ ചെയ്‌താൽ അത് ചോദ്യംചെയ്‍ത് ആരെങ്കിലും കോടതിയെ സമീപിച്ചാൽ ബിൽ അവതരണം മുടങ്ങാൻ സാധ്യതയുണ്ട്.
എന്തെങ്കിലും പോരായ്‍മകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനുള്ള ഇച്ഛാശക്തിയുള്ള സർക്കാരാണിത്. ഇടുക്കിയിലെ ജനങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നത്തിൽ രാഷ്ട്രീയം കാണരുത്. ഒരുമിച്ചുനിന്ന് ബിൽ പാസാക്കണം എന്ന് നിയമസഭയിൽ അഭ്യർത്ഥിച്ചത് അതുകൊണ്ടാണ്.
എന്നാൽ സ്‍പിരിറ്റ് ഉൾക്കൊള്ളുന്നുവെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ എംഎൽഎ പക്ഷെ തടസവാദം ഉന്നയിക്കുകയായിരുന്നു. കഴിഞ്ഞ എട്ടിന് ബിസിനസ് അഡ്വൈസറി കമ്മിറ്റി കൂടി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്‍പീക്കറും മറ്റ് കക്ഷിനേതാക്കളും ചേര്‍ന്നാണ് ഈ സമ്മേളന കാലയളവില്‍ ഏതൊക്കെ ബില്‍ കൊണ്ടുവരണമെന്ന് തീരുമാനിച്ചത്. ഭൂമി പതിവ് നിയമ ഭേദഗതി ബില്‍ 16ന് എടുക്കാൻ നിശ്ചയിച്ചു. ശേഷം 24ന് ചര്‍ച്ചചെയ്‍ത് നിയമമാക്കാനാവുന്ന തരത്തിൽ ക്രമീകരിച്ചു. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതും സമ്മേളനം വെട്ടിച്ചുരുക്കിയതും. ഒമ്പതിന് വീണ്ടും ബിഎസി കൂടി 16ന് എടുക്കേണ്ട ബില്ലും 10ന് പരിഗണിക്കാൻ നിശ്ചയിച്ചു.
ശേഷമാണ് ബില്‍ അവതരണവേളയില്‍ മാത്യു കുഴല്‍നാടൻ തടസവാദം ഉന്നയിച്ചത്. ബില്‍ നേരത്തെ സര്‍ക്കലേറ്റ് ചെയ്യപ്പെടേണ്ടതായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. അന്ന് അഞ്ചോ ആറോ ബില്‍ അവതരിപ്പിച്ചു. മറ്റൊരു ബില്ലിനും അവര്‍ക്ക് തടസമില്ല. ഇടുക്കിയിലെ ജനങ്ങളെ സംബന്ധിച്ച് ചരിത്രപരമായ ബില്ല് അവതരിപ്പിക്കുമ്പോൾ ജില്ലയില്‍നിന്ന് ഭരണപക്ഷത്തുള്ള എല്ലാ എംഎല്‍എമാരും ഉണ്ടായിരുന്നു. പ്രതിപക്ഷത്ത് ജില്ലയിലെ ഏക പ്രതിനിധി പി ജെ ജോസഫ് ഇല്ലായിരുന്നു. സര്‍ക്കാര്‍ അടിയന്തര പ്രാധാന്യം കൊടുക്കുമ്പോള്‍ ഇതിനോട് മുഖം തിരിച്ച് നില്‍ക്കുന്നത് ഉചിതമാണോ എന്ന് പ്രതിപക്ഷം സ്വയം പരിശോധിക്കണം. മന്ത്രി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതിയംഗം കെ ഐ ആന്റണി, തൊടുപുഴ മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, റെജി കുന്നംകോട്ട് എന്നിവര്‍ പങ്കെടുത്തു.