ഓണക്കാലത്ത് തോട്ടം തൊഴിലാളികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഇത്തവണയും ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് വാഴൂര്‍ സോമന്‍ എം.എല്‍.എ. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന 64-ാമത് പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളായ പീരുമേട് ടീ കമ്പനിയുടെ നാല് ഡിവിഷനുകളിലെയും എംഎംജെ പ്ലാന്റേഷന്‍സിന്റെ രണ്ട് എസ്റ്റേറ്റുകളിലെ 6 ഡിവിഷനുകളിലെയും തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന അറ്റകുറ്റപ്പണി ആവശ്യമായ ലയങ്ങള്‍ കണ്ടെത്തുന്നതിന് ലേബര്‍, റവന്യു വകുപ്പുകളും ജില്ലാ നിര്‍മിതി കേന്ദ്രവും സംയുക്ത പരിശോധന നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ മേഖലയിലെ പല ലയങ്ങളും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്.
തൊഴിലാളികള്‍ക്ക് പുതിയ ലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. എസ്റ്റേറ്റില്‍ തന്നെ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കണം. ലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് എസ്റ്റേറ്റ് ഭൂമി സൗജന്യമായി കണ്ടത്തണം. നിലവിലെ സാഹചര്യത്തില്‍ സ്വതന്ത്ര ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കണം. നിര്‍മ്മാണപ്രവൃത്തികള്‍ ഭവനം ഫൗണ്ടേഷന്‍ ഓഫ് കേരള, നിര്‍മ്മിതി കേന്ദ്രം, ഹാബിറ്റാറ്റ് പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതാണ് ഉചിതമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു.
കമ്മിറ്റിയുടെ മുന്‍ യോഗത്തിലെ തീരുമാനങ്ങളും സ്വീകരിച്ച നടപടികളും കണ്‍വീനറും പ്ലാന്റേഷന്‍സ് കോട്ടയം മേഖല മുന്‍ ചീഫ് ഇന്‍സ്‌പെക്ടറുമായ സുനില്‍ തോമസ് അവതരിപ്പിച്ചു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് ശൗചാലയം നിര്‍മ്മിക്കുക, വിദ്യാഭ്യാസം, വിവാഹം, ചികിത്സ, മരണാനന്തര ധനസഹായ അപേക്ഷകള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ചാ വിഷയങ്ങളായി.
പ്ലാന്റേഷന്‍സ് കോട്ടയം മേഖല ചീഫ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗം പി.എസ് രാജേഷ്, പ്ലാന്റേഷന്‍ റിലീഫ് കമ്മറ്റി അംഗംങ്ങളായ വൈ. ജയന്‍, ജി. ബേബി, നിര്‍മിതി കേന്ദ്രം ഭവനം ഫൗണ്ടേഷന്‍ പ്രതിനിധികള്‍, ജില്ലാ ലേബര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.