തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനം പാലിച്ച് ഉപ്പുതറ ഗ്രാമ പഞ്ചായത്തംഗം ബിജു ചെപ്ലാവിൽ.
തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനം പാലിച്ച് ഉപ്പുതറ ഗ്രാമ പഞ്ചായത്തംഗം ബിജു ചെപ്ലാവിൽ. ഉപ്പുതറ പഞ്ചായത്തിലെ മാട്ടു താവളം വാർഡിൽ നിന്നും വിജയിച്ച പഞ്ചായത്തംഗമാണ് ബിജു. വാർഡിലെ അങ്കണവാടിയിൽ സ്വന്തം ചിലവിൽ കുടിവെള്ളം എത്തിച്ചും അങ്കണവാടിയുടെ മുറ്റം കോൺക്രീറ്റ് ചെയ്തുമാണ് ബിജു വാഗ്ദാനം പാലിച്ചത്.
ഉപ്പുതറ പഞ്ചായത്തിലെ മാട്ടു താവളം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി ബിജു ചെപ്ലാവിൽ മത്സര രംഗത്തിറങ്ങിയപ്പോൾ വാർഡിലെ ഏക അങ്കണവാടിയിൽ വർഷങ്ങളായി വെള്ളം ഇല്ലായിരുന്നു. അങ്കണവാടിയുടെ മുറ്റത്ത് കുട്ടികൾ തട്ടി വീണ് പരിക്ക് ഏൽക്കുന്നത് പതിവായിരുന്നു. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യം ഉയർന്നിരുന്നു. ജയിച്ചാലും ഇല്ലങ്കിലും രണ്ട് ആവശ്യങ്ങളും നടത്തിത്തരുമെന്ന് ഉറപ്പ് ബിജു നൽകിയിരുന്നു. ആദ്യം ദൂരെയുള്ള കുളത്തിൽ നിന്ന് സ്വന്തം ചിലവിൽ ഹോസ് വാങ്ങി ഇട്ട് കുടിവെള്ളം എത്തിച്ചു. തുടർന്ന് സ്വന്തം ചിലവിൽ നാട്ടുകാരെ കൂട്ടി മുറ്റവും കോൺക്രീറ്റ് ചെയ്തു.
പ്രചരണത്തിനിറങ്ങുമ്പോൾ പലരും വാഗ്ദാനം നൽകും. എന്നാൽ വിജയിച്ച് കഴിഞ്ഞാൽ മറക്കാറാണ് പതിവ്. എന്നാൽ അഭിഭാഷകനായ ബിജു വാക്ക് പാലിച്ചു. അതും സ്വന്തം ചിലവിലാണെന്നതാണ് പ്രത്യേകത.ചെറിയ ചെറിയ ആവശ്യങ്ങൾക്ക് പഞ്ചായത്തിൻ്റെയോ സർക്കാരിൻ്റെയോ ഫണ്ടിന് കാത്ത് നിൽക്കാതെ നാട്ടുകാരുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതാണ് നാടിന് വികസനം ഉണ്ടാവുന്നത്. ചെറിയ ചെറിയ കാര്യങ്ങൾ ഇതേ രീതിയിൽ നടപ്പിലാക്കുമെന്നുറപ്പിച്ചിരിക്കുകയാണ് അഡ്വ ബിജുവെന്ന പഞ്ചായത്തംഗം. വാഗ്ദാനം പാലിച്ച ബിജു മറ്റ് പഞ്ചായത്തംഗങ്ങൾക്ക് മാതൃകയാണ്.

