ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചക്രവാതചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തില്‍ മഴ സാധ്യത
പുതുവർഷത്തില്‍ കേരളത്തിന് മഴ പ്രതീക്ഷ. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാധ്യതയുടെ കാരണം.ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതല്‍ കന്യാകുമാരി വരെയാണ് ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തില്‍ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും. ഒപ്പം ഒറ്റപെട്ട നേരിയ മഴക്കും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (02/01/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം
02/01/2026 & 03/01/2026: തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.02/01/2026 മുതല്‍ 06/01/2026 വരെ: തെക്കൻ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

