ഇടുക്കി ജില്ലയിലെ ആദിവാസി ഭൂമി വിഷയവുമായി ബന്ധപ്പെട്ട് കോവിൽമല രാജാവ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി ജനറൽ ഡോക്ടർ രാജീവ് മേനോനുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തി
കേരളത്തിലെ വിവിധ ജില്ലയിലെ പ്രത്യേകിച്ച് ഇടുക്കി, വയനാട് ജില്ലകളിലെ ആദിവാസി ജനവിഭാഗങ്ങളുടെ ഭൂമി സംബന്ധമായ വിഷയങ്ങളെ സംബന്ധിച്ചും കേന്ദ്രസർക്കാരിന്റെ പട്ടിക വർഗ്ഗ പദ്ധതികളെ സംബന്ധിച്ചും കോവിൽമല രാജാവും, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി ജനറൽ ഡോക്ടർ രാജീവ് മേനോനും ചെന്നൈ താജ് ക്ലബ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി. പഞ്ചമി ഭൂമി പദ്ധതിയെ സംബന്ധിച്ചും കേന്ദ്രസർക്കാറിന്റെ വിവിധ പദ്ധതികളെ സംബന്ധിച്ചും വിശദമായ ചർച്ചകൾ നടത്തി. കേരളത്തിലെ പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് കേന്ദ്ര സാമൂഹ്യ നീതി വകുപ്പിലൂടെ നടപ്പിലാക്കുന്ന പദ്ധതികൾ യഥാസമയം ഈ വിഭാഗങ്ങൾക്ക് കിട്ടുന്നില്ല എന്നത് ഒരു വസ്തുതയാണെന്ന് കോവിൽമല രാജാവ്, രാജീവ് മേനോനെ അറിയിച്ചു. കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോക്ടർ രാംദാസ് അത്താവാലയെ നേരിട്ട് കണ്ട് ഈ വിഷയങ്ങളെ സംബന്ധിച്ച് ബോധ്യപ്പെടുത്തുമെന്നും കേരളത്തിലെ പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പദ്ധതികൾ കാലതാമസം ഇല്ലാതെ ഈ ജനവിഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്നും പാർട്ടിയുടെ സെക്രട്ടറി ജനറൽ കോവിൽ മല രാജാവിനെ അറിയിച്ചു. കൂടാതെ കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോക്ടർ രാംദാസ് അത്താവാലയെ കോവിൽമല രാജാവിന് നേരിട്ട് കാണുന്നതിനും കേരളത്തിലെ പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനും അടിയന്തര പ്രാധാന്യത്തോടെ സാഹചര്യം സൃഷ്ടിക്കുമെന്നും ഡോക്ടർ രാജീവ് മേനോൻ പറഞ്ഞു.
കോവിൽമല രാജാവ് രാമൻ രാജമന്നൻ ഒപ്പം, റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി റെജി കേശവൻ നായർ, റിപ്പബ്ലിക് പാർട്ടി ഓഫ് ഇന്ത്യ ഇടുക്കി ജില്ല പ്രസിഡന്റ് സാജു വള്ളക്കടവ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.




