ഇടുക്കി ഉടുമ്പന്നൂര്‍ മലയിഞ്ചിയില്‍ കാട്ടാനയാക്രമണത്തിൽ വീടു തകര്‍ന്നു.
ഇടുക്കി ഉടുമ്പന്നൂര്‍ മലയിഞ്ചിയില്‍ കാട്ടാനയാക്രമണത്തിൽ വീടു തകര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മലയിഞ്ചി കാക്കരയാനിക്കല്‍ ചന്ദ്രന്റെ വീടിനു നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. മലയിഞ്ചി പുഴയ്ക്ക് എതിർവശം ഉള്ള ഭാഗത്താണ് സംഭവമുണ്ടായത്. വേളൂര്‍ ഫോറസ്റ്റ് റേഞ്ചിന്റെ ഭാഗമായ ഇവിടെ പതിവായി കാട്ടാന ആക്രമണം ഉണ്ടാകുന്ന മേഖലയാണ്. വീട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിച്ചിരുന്നത്. കാട്ടാന ആക്രമണം ഉണ്ടാകുമ്പോള്‍ ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ മറ്റൊരു മേഖലയില്‍ ജോലിക്കായി പോയിരിക്കുകയായിരുന്നു.
മലയിഞ്ചി മേഖലയില്‍ പതിവായി കൃഷിയും മറ്റും നശിപ്പിക്കുന്ന ഒറ്റയാനാണ് വീടു തകര്‍ത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ വീടിനു നേരെ മുന്‍പും രണ്ടു തവണ കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതിനു സമീപം ആള്‍ക്കല്ല് ഭാഗത്ത് ഇരുനൂറോളം വാഴകള്‍ കാട്ടാന നശിപ്പിച്ചിരുന്നു. ഇവിടെ പതിവായി കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടാകാറുണ്ടെങ്കിലും ഇതിനെ പ്രതിരോധിക്കാന്‍ വനം വകുപ്പ് തയാറാകാത്തതില്‍ പ്രതിഷേധിച്ച് നാളെ ആള്‍ക്കല്ലിൽ പ്രവർത്തിക്കുന്ന വനംവകുപ്പ് ഓഫീസിലേയ്ക്ക് നാട്ടുകാര്‍ മാര്‍ച്ചും ധര്‍ണയും നടത്തും.




