മലയോര ഹൈവേയുടെ നിർമ്മാണത്തോടൊപ്പം മാട്ടുക്കട്ടയുടെ വികസനത്തിനായി അയ്യപ്പൻ കോവിൽ പഞ്ചായത്തിൽ സർവ്വകക്ഷി യോഗം നടന്നു
മലയോര ഹൈവേയുടെ നിർമ്മാണത്തോടൊപ്പം മാട്ടുക്കട്ടയുടെ വികസനത്തിനായി അയ്യപ്പൻ കോവിൽ പഞ്ചായത്തിൽ സർവ്വകക്ഷി യോഗം നടന്നു. അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജയ്മോൾ ജോൺസന്റെ അധ്യക്ഷതയിലാണ് സർവ്വകക്ഷി യോഗം നടന്നത്.
മലയോര ഹൈവേ നിർമ്മാണത്തിന് വളവുള്ള ഭാഗത്ത് 12.60 മീറ്റർ വീതിയും മറ്റ് ഭാഗങ്ങളിൽ 12 മീറ്റർ വീതിയുമാണ് ആവശ്യമായിട്ടുള്ളത്. റോഡ് വികസനത്തിനാവശ്യമായ വീതി മാട്ടുക്കട്ട ടൗണിൽ ഇല്ല. ഇതേ തുടർന്നാണ് അയ്യപ്പൻ കോവിൽ പഞ്ചായത്ത്, വ്യാപാരികളുടെയും രാഷ്ട്രിയ നേതാക്കളുടെയും യോഗം വിളിച്ച് ചേർത്തത്. റോഡ് വികസനത്തോടൊപ്പം മാട്ടുക്കട്ട ടൗണിനും വികസനം ആവശ്യമാണ്. വാഹനങ്ങൾ റോഡരുകിലാണ് പാർക്ക് ചെയ്യുന്നത്. അതിനാൽ ടൗണിൽ ഗതാഗതക്കുരുക്കുണ്ടാകുന്നതായി പഞ്ചായത്തധികൃതർ പറഞ്ഞു. രാഷ്ട്രിയ നേതാക്കളും വ്യാപാരികളും വികസത്തിനെതിരല്ലെന്നും തുല്യ നീതി ഉറപ്പാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ആനക്കുഴി റോഡിനും കട്ടപ്പന റോഡിനും മധ്യത്തിലുള്ള മുഴുവൻ കടകളും നോട്ടീസ് നൽകി പൊളിച്ച് നീക്കുവാൻ തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ വെട്ടിക്കാല, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രിയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.