പ്രകൃതി രമണീയത തുളുമ്പുന്ന അഞ്ചുരുളിയിൽ സഞ്ചാരികളെ വരവേൽക്കുന്നത് മാലിന്യ കൂമ്പാരങ്ങൾ
പ്രകൃതി രമണീയത തുളുമ്പുന്ന അഞ്ചുരുളി സഞ്ചാരികളെ മാടി വിളിക്കുന്നു. അഞ്ചു രുളിയിലെത്തുന്ന സഞ്ചാരികളെ വരവേൽക്കുന്നത് മാലിന്യ കൂമ്പാരങ്ങളാണ്. ഹരിതകർമ്മസേന മാലിന്യം ചാക്കിൽ കെട്ടി അഞ്ചുരുളിയിൽ വെച്ചിട്ട് 3 മാസം കഴിഞ്ഞു. മാലിന്യത്തിനെതിരെ നടപടിയെടുക്കാതെ കാഞ്ചിയാർ പഞ്ചായത്ത്.
ജില്ലയിലെ വിനോദ സഞ്ചാര ഭൂപടത്തിൽ മുൻപന്തിയിലാണ് അഞ്ചുരുളിയുടെ സ്ഥാനം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുടെ കാര്യത്തിലും ഒന്നാം സ്ഥാനമാണ്. കേരളത്തിനകത്തും പുറത്തും നിന്നുമായി നൂറ് കണക്കിന് സഞ്ചാരികളാണ് ദിവസവും ഇവിടെ എത്തിച്ചേരുന്നത്. ഉത്സവ കാലഘട്ടങ്ങളിൽ അഞ്ചുരുളിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വിധത്തിലുള്ള സഞ്ചാരികളാണ് ഇവിടെയെത്തി തുരങ്കവും അഞ്ചുരുളിയും കണ്ട് മതിമറക്കുന്നത്. കൃത്യമായ ഇടവേളകളിൽ തഴുകി തലോടി കടന്ന് പോകുന്ന ഇളം കാറ്റേറ്റാൽ മനസ് കുളിർക്കും.
അഞ്ചുരുളിയില പാർക്കിംഗ് ഏരിയായിൽ കുമിഞ്ഞ് കൂടുന്ന മാലിന്യത്തിൽ നിന്നുയരുന്ന ദുർഗന്ധം സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നുണ്ട്. എന്റെ മാലിന്യം എന്റെ ഉത്തരവദിത്വം പ്രകൃതിയെയും ജലത്തെയും സംരക്ഷിക്കുക എന്നിങ്ങനെ എഴുതി കാഞ്ചിയാർ പഞ്ചായത്ത് സ്ഥാപിച്ച് ബോർഡിന് കീഴിലും സമീപത്തുമായാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. 3 മാസം മുമ്പ് ഹരിത കർമ്മസേന ഇവിടെ നിന്നും പെറുക്കി ചാക്കിൽ കെട്ടിയ മാലിന്യവും പഞ്ചായത്തിന്റെ ബോർഡിന് കീഴിലാണ് കഴിഞ്ഞ 3 മാസമായി സൂഷിച്ചിരിക്കുന്നത്. മാലിന്യം കുമിഞ്ഞ് കൂടുന്നതോടെ ഇവിടെ നായ്ക്കളുടെ ശല്യവും വർദ്ധിച്ചു.ഓണം സീസൺ അടുത്തിട്ടും അടിസ്ഥാന സൗകര്യമില്ലാത്ത അഞ്ചുരുളിയെ മാലിന്യമുക്തമാക്കുന്നതിലും പഞ്ചായത്ത് പരാജയപ്പെട്ടിരിക്കുകയാണ്. സഞ്ചാരികൾ വന്നിറങ്ങുമ്പോൾ തന്നെ മനം മടുപ്പിക്കുന്ന തരത്തിലാണ് മാലിന്യം കുമിഞ്ഞ് കൂടുന്നത്. ഇതിന് അടിയന്തിര പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.