കോവിൽമല രാജകൊട്ടാരം പ്രഖ്യാപനത്തിൽ ഒതുങ്ങി
കോവിൽമല രാജകൊട്ടാരം പ്രഖ്യാപനത്തിൽ ഒതുങ്ങി. 2014-15 ബജറ്റിലാണ് രാജകൊട്ടാരത്തിന് 22 ലക്ഷം രൂപ അനുവദിച്ചത്. തുടർന്ന് വന്ന സർക്കാർ രാജകൊട്ടാരത്തെ അവഗണിച്ചതായാണ് ആരോപണം.
കോവിൽമല രാജാവ് രാമൻ രാജമന്നാന്റെ ശ്രമഫലമായാണ് കോവിൽ മലയുടെ വികസനത്തിനുതകും വിധം രാജകൊട്ടാരം നിർമ്മിക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ നടപടി സ്വീകരിച്ചത്. രാജകൊട്ടാര നിർമ്മാണത്തിനായി 22 ലക്ഷം രൂപയും പ്രാഥമികമായി ബജറ്റിൽ അനുവദിച്ചു. ഭൂമിയുടെ ലഭ്യതക്കുറവ് മനസിലാക്കിയ രാജാവ് 30 സെന്റ് സ്ഥലം വില കൊടുത്ത് വാങ്ങി. മുൻ രാജാവ് രാജമ്മ തേവനാണ് രാജകൊട്ടാരത്തിനുള്ള ഭൂമി വിലക്ക് നൽകിയത്. എന്നാൽ 2016 ൽ അധികാരത്തിൽ വന്ന സർക്കാർ രാജകൊട്ടാരത്തിനുള്ള തുടർ നടപടികളാന്നും നടത്തിയില്ല. രാജകൊട്ടാരത്തിൽ കൂത്ത് നടത്താനും മ്യൂസിയം ആരംഭിക്കാനുള്ള സൗകര്യത്തോട് കൂടിയാണ് രാജകൊട്ടാരം നിർമ്മിക്കാനിരുന്നത്. രാജകൊട്ടാരം നിർമ്മാണം പൂർത്തിയായിരുന്നുവെങ്കിൽ നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കാനും കഴിയുമായിരുന്നു. കോവിൽ മലയുടെ വികസനവും ഇതിലൂടെ സാധ്യമാകും.
രാജകൊട്ടാരത്തിന് എസ്റ്റിമേറ്റ് വരെഎടുത്തിരുന്നു. വളരെ പ്രതീക്ഷയോടെയാണ് ആദിവാസികൾ രാജകൊട്ടാരത്തിന്റെ പ്രഖ്യാപനത്തെ കണ്ടത്. വിനോദ സഞ്ചാരികൾ എത്തുന്നതോടെ പലതരം തൊഴിലവസരം വന്ന് ചേരുമെന്നാണ് ആദിവാസികൾ പ്രതീക്ഷിച്ചത്.എൽ ഡി എഫ് സർക്കാർ ആദിവാസി രാജകൊട്ടാരത്തെ അവഗണിച്ചതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.