മൂന്നാർ-ബോഡിമെട്ട് ദേശീയപാത ഉദ്ഘാടനം ആഗസ്റ്റ് 17ന്
മൂന്നാർ▪️ കൊച്ചി -ധനുഷ്കോടി ദേശീയപാത 85ന്റെ ഭാഗമായി വീതികൂട്ടി നവീകരണം പൂർത്തിയാക്കിയ മൂന്നാർ-ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ആഗസ്റ്റ് 17ന് നടക്കും. മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഉദ്ഘാടനം ചെയ്യുക. 42 കിലോമീറ്റർ ദൂരമുള്ള ഈ റീച്ചിന്റെ നവീകരണം 2017 ലാണ് ആരംഭിച്ചത്. 381.76 കോടിയാണ് ചെലവിട്ടത്. രണ്ടു വർഷമായിരുന്നു നിർമാണക്കരാറെങ്കിലും ആറു വർഷമെടുത്താണ് പൂർത്തിയായത്.
ചിന്നക്കനാലിൽനിന്ന് അരിക്കൊമ്പനെ മയക്കുവെടി വെച്ച് ലോറിയിൽ തേക്കടിയിലേക്ക് കൊണ്ടുപോകുന്നതിന്റെ വിവിധ ദൃശ്യങ്ങളിലൂടെയാണ് ഈ പാതയുടെ മനോഹാരിത ചർച്ചയായത്. 70 ശതമാനവും തേയിലത്തോട്ടങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്. ഇടക്കിടെയുള്ള മനോഹരകാഴ്ചകൾ യാത്രക്കാരെ ഏറെ ആകർഷിക്കുന്നു. ഗ്യാപ് റോഡ്, പവർഹൗസ് വെള്ളച്ചാട്ടം, ആനയിറങ്ങൽ ജലാശയം, വിവിധ വ്യൂപോയന്റുകൾ എന്നിവയെല്ലാം ഈ പാതയുടെ മനോഹരിതയുടെ മാറ്റുകൂട്ടുന്നു. പേര് ദേശീയപാത എന്നായിരുന്നെങ്കിലും നാല് മീറ്റർ മാത്രമായിരുന്നു ഈ റോഡിന്റെ വീതി. ഒരു വശം അഗാധമായ കൊക്കയും മറുവശം ചെങ്കുത്തായ മലയുമുള്ള ദേവികുളം ഗ്യാപ് ഭാഗമായിരുന്നു ഏറ്റവും അപകടം നിറഞ്ഞ ഭാഗം. നവീകരണം പൂർത്തിയായതോടെ 15 മീറ്റർ വീതിയായി. ഇടുക്കി ജില്ലയിലെ ആദ്യത്തെ ടോൾപ്ലാസയും ഈ പാതയിലാണ്. ദേവികുളത്തിനും ലോക്ഹാർട്ടിനും ഇടക്ക് ടോൾ പ്ലാസ പ്രവർത്തന സജ്ജമായിക്കഴിഞ്ഞു. മൂന്നാറിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് ഏറെ കരുത്ത് പകരുന്നതാണ് നവീകരണം കഴിഞ്ഞ ഈ പാത.