അയ്യപ്പൻ കോവിലിൽ കണ്ടത് പുലിയെന്ന് നാട്ടുകാർ. നായയെന്ന് വനം വകുപ്പ്
അയ്യപ്പൻ കോവിൽ പുരാതന ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ. ക്ഷേത്ര ദർശനത്തിന് വന്ന പുളിയന്മല സ്വദേശിയാണ് കണ്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ, കണ്ടെത്തിയ കാൽപ്പാടുകൾ നായയുടേതാണെന്ന് വ്യക്തമായി.ഇന്ന് രാവിലെ അയ്യപ്പൻ കോവിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ പുളിയന്മല സ്വദേശിയാണ് പുലിയെ കണ്ടത്. പുലിയെ കണ്ട് വിരണ്ട് ഓടി ക്ഷേത്രത്തിലെത്തി വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ ക്ഷേത്രഭാരവാഹികൾ പരിശോധന നടത്തിയപ്പോൾ പുലിയെ കണ്ടതിന്റെ 100 മീറ്റർ മാറി കാൽപ്പാടുകളും കണ്ടു.
കഴിഞ്ഞ ദിവസം എരുമയെ കെട്ടാൻ വന്ന വീട്ടമ്മയും കാടിളക്കി ഒരു ജീവി ഓടുന്നത് കണ്ടിരുന്നു. ഭയന്ന് വീട്ടമ്മ എരുമയെ കെട്ടാതെ തിരികെ പോയി.പുലിയെ കണ്ട ഭക്തൻ മടങ്ങിയതിന് പിന്നാലെ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കാൽപ്പാടുകൾ പരിശോധിക്കുകയും ഫോട്ടോയെടുത്ത് തേക്കടിക്ക് അയക്കുകയും ചെയ്തു. പരിശോധനയിൽ നായയുടെ കാൽപ്പാടുകളാണന്ന് വ്യക്തമായതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വനം വകുപ്പ് നായയുടെ കാൽപ്പാടാണന്ന് വ്യക്തമാക്കിയിട്ടും നാട്ടുകാരും ക്ഷേത്രം ഭാരവാഹികളും ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.കഴിഞ്ഞ ദിവസം ഉപ്പുതറ പുതുക്കടയിൽ പുലിയെ കണ്ടതായി കർഷകർ അറിയിച്ചതനുസരിച്ച് അവിടെ ക്യാമറ സ്ഥാപിച്ചിരുന്നു.ഉപ്പുതറ അയ്യപ്പൻ കോവിൽ കാഞ്ചിയാർ പഞ്ചായത്തുകൾ ഇപ്പോൾ പുലിപ്പേടിയിലായിരിക്കുകയാണ്.