ഗോത്രജനതയുടെ ആഘോഷങ്ങള്‍ക്ക് മറയൂരില്‍ തുടക്കം
തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മറയൂര്‍ കുത്തുകല്‍ കുടിയില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. 'നിശ്ചയദാര്‍ഢ്യത്തോടെ തദ്ദേശിയ യുവത' യെന്ന സന്ദേശമുയര്‍ത്തിയാണ് ആഗസ്റ്റ് 9 മുതല്‍ 15 വരെ വാരാചരണം നടക്കുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും ഗോത്രജനവിഭാഗങ്ങള്‍ കടന്നുവരേണ്ടതുണ്ടെന്ന് കളക്ടര്‍ പറഞ്ഞു . വിവിധ കുടികളുടെ ആശ്രയമായ മറയൂര്‍ സി.എച്ച് സി യുടെ നവീകരണത്തിന് 1.5 കോടി രൂപ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും . കുടി നിവാസികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ , വന്യമൃഗ ശല്യം ഒഴിവാക്കാന്‍ സോളാര്‍ ഫെന്‍സിംഗ് , കുടിവെള്ളം, കെട്ടിട നിര്‍മ്മാണം, ഗതാഗത യോഗ്യമായ റോഡ് തുടങ്ങിയ ആവശ്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കുമെന്നും കളക്ടര്‍ പറഞ്ഞു.
വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കുടികളില്‍ ആരോഗ്യം, വിദ്യാഭ്യാസം, ലഹരി വിരുദ്ധ ബോധവത്ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും, പ്രത്യേക ക്ലാസുകളും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തും. ഗോത്രവിഭാഗങ്ങളുടെ തനത് കലകളും വിവിധ ഇടങ്ങളിലായി അരങ്ങേറും . വേങ്ങപ്പാറ കുടിയിലും കുത്തുകല്‍, പെരിയ കുടികളിലും കളക്ടര്‍ സന്ദര്‍ശനം നടത്തി. കുടികളിലെ മുതിര്‍ന്നവരെ കളക്ടര്‍ പൊന്നാട നല്‍കി ആദരിച്ചു. ജില്ലാ തല ഉദ്ഘാടനത്തോടനുബന്ധിച്ച് കുടി നിവാസികളുടെ കെന്നഞ്ചി എന്ന നൃത്ത രൂപവും കുടുംബശ്രീ അംഗങ്ങുടെ കലാരൂപങ്ങളും വേദിയില്‍ അരങ്ങേറി.പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെന്റി അധ്യക്ഷത വഹിച്ചു.
ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, വട്ടവട വൈസ് പ്രസിഡന്റ് സി. വേലായുധന്‍, ജനപ്രതിനിധികളായ ജോമോന്‍ തോമസ്, മീന രമേഷ് , ദീപ അരുള്‍ജ്യോതി, സത്യമതി പളനിസ്വാമി, വിജയ് സി കാളിദാസ്,, മറയൂര്‍ ഡി.എഫ് .ഒ എം ജി വിനോദ് കുമാര്‍ , ഊരിലെ കാണി ചിന്നസ്വാമി,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അലി കാസിം, പി എസ് ശശികുമാര്‍,എസ് അണ്ണാദുരൈ, ആന്‍സി ആന്റണി, കെ. അയ്യപ്പന്‍, പ്രോജക്ട് ഓഫീസര്‍ ജി അനില്‍കുമാര്‍ , ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എസ്. എ നജീം,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഊരുമൂപ്പന്‍മാര്‍ , എസ് സി പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.