ക്ഷീര കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി: മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന് തുടക്കമായി
ക്ഷീര കര്‍ഷകരോടൊപ്പം നിന്ന് അവര്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി ജില്ലാ ക്ഷീര കര്‍ഷക സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീര കര്‍ഷകരോടൊപ്പമാണ് സര്‍ക്കാര്‍. അവരുടെ ക്ഷേമത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും സംഗമത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും മന്ത്രി അറിയിച്ചു.
ക്ഷീര കര്‍ഷക സംഗമത്തോടനുബന്ധിച്ചു ഡയറി എക്‌സ്‌പോ, ശില്‍പ്പശാല, വിരമിച്ച ക്ഷീരസംഘം ജീവനക്കാരെ ആദരിക്കല്‍, ക്ഷീരമേഖലയെ സംബന്ധിച്ച ക്വിസ് മല്‍സരം എന്നിവയും നടന്നു. ഇരട്ടയാര്‍ സെന്റ് തോമസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഡയറി എക്‌സ്‌പോ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പി ജോണ്‍ ഉദ്ഘാടനം ചെയ്തു.
ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സജി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം രതീഷ്, കട്ടപ്പന ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ കെ. എന്‍ മിനിമോള്‍, ഇ ആര്‍ സി എം പി യു ബോര്‍ഡ് മെമ്പര്‍ അജേഷ് മോഹനന്‍ നായര്‍, ശാന്തിഗ്രാം ക്ഷീര കര്‍ഷക സംഘം പ്രസിഡന്റ് ജോസുകുട്ടി അരീ പറമ്പില്‍, എന്നിവര്‍ സംസാരിച്ചു.
എക്‌സ്പോയില്‍ മില്‍മയുടെ വിവിധ ഡയറി പ്രൊഡക്ടുകള്‍, വിവിധ കമ്പനികളുടെ കറവ യന്ത്രങ്ങള്‍, പാലിന്റെ ഗുണനിലവാരം അളക്കാനുള്ള മെഷീനുകള്‍, കാലിത്തീറ്റകള്‍, മൃഗങ്ങള്‍ക്കായുള്ള വിവിധ സപ്ലിമെന്റുകള്‍, ചാണകം ഉണക്കുന്ന യന്ത്രങ്ങള്‍, മൃഗങ്ങള്‍ക്കായുള്ള ഇന്‍ഷ്വറന്‍സ് എന്നിവ വിവരിക്കുന്ന സ്റ്റാളുകള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
കട്ടപ്പന ക്ഷീര വികസന വകുപ്പിന്റെയും ഇടുക്കി ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നാങ്കുതൊട്ടി ക്ഷീര സഹകരണ സംഘത്തിന്റെ ആതിഥെയത്തത്തില്‍ ത്രിതല പഞ്ചായത്തുകള്‍, കേരള ഫീഡ്‌സ്, മില്‍മ മൃഗ സംരക്ഷണ വകുപ്പ്, ജില്ലയിലെ മറ്റു സഹകരണ സ്ഥാപനങ്ങള്‍, ക്ഷീര കര്‍ഷകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഇടുക്കി ജില്ലാ ക്ഷീര കര്‍ഷക സംഗമം 2025-26 സംഘടിപ്പിക്കുന്നത്.സംഗമത്തിന്റെ ഭാഗമായുളള പൊതുസമ്മേളനം ഇന്ന് (25) മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.










