കള്ളക്കേസില്‍ സരുണിന് നീതിയായില്ല; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍.
ഇടുക്കി കിഴുകാനത്തെ ആദിവാസി യുവാവ് സരുണ്‍ സജിയുടെ പരാതിയില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സരുണിനെ കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് നടപടി വൈകിപ്പിക്കുന്നതിലാണ് കമ്മീഷന്‍ വിമര്‍ശനം ഉന്നയിച്ചത്.അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തത ഇല്ലെന്ന് കണ്ടെത്തിയ കമ്മീഷന്‍ ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിച്ചു.കാട്ടിറച്ചി കൈവശം വെച്ചെന്ന കള്ളക്കേസില്‍ കുടുക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ ഇടുക്കി മുന്‍ വൈല്‍ഡ് ലൈഫ് വാർഡൻ ബി രാഹുൽ ,സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ ജിമ്മി ജോസഫ് എന്നിവര്‍ക്കെതിരെ പൊലീസ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.ഹൈക്കോടതിയില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും അറസ്റ്റിലേക്ക് പൊലീസ് കടക്കാതായതോടെ വിഷയം മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ സരുണ്‍ സജി അവതരിപ്പിച്ചു.പീരുമേട് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്ണസണ്‍ ഇന്‍ ചാര്‍ജ് ബീനാകുമാരി പറഞ്ഞു.. സരുണ്‍ സജിയുടെ നഷ്ടപരിഹാരക്കാര്യത്തിലും അനുകൂല ഉത്തരവുണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.