സുരക്ഷിതമെങ്കിൽ മുല്ലപ്പെരിയാർ ഡാം പൊളിക്കേണ്ട : കേന്ദ്ര ജലവിഭവ വകുപ്പ്

പഴക്കം ചെന്ന അണക്കെട്ടുകൾ കൃത്യമായി പരിപാലിക്കുകയും ഘടനാപരമായ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെങ്കിൽ പൊളിക്കേണ്ടതില്ലെന്ന് കേന്ദ്ര ജല വിഭവ വകുപ്പ് പാർലമെന്റിന്റെ സ്ഥിരം സമിതിയെ അറിയിച്ചു. മുല്ലപ്പെരിയാർ അടക്കം രാജ്യത്ത് 100 വർഷം കഴിഞ്ഞ് 234 അണക്കെട്ടുകൾ പ്രവർത്തനക്ഷമമാണെന്ന് ഏപ്രിലിൽ സമിതി കണ്ടെത്തിയിരുന്നു. ഡാമുകളുടെ യഥാർത്ഥ ആയുസ്സ് കണ്ടെത്തുകയും പ്രശ്നമുള്ളതാണെങ്കിൽ അവ ഡീ കമ്മീഷൻ ചെയ്യാൻ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യണമെന്നാണ് അന്ന് സമിതി സർക്കാരിന് നിർദ്ദേശം നൽകിയത്. ഇതിനാണ് കേന്ദ്രം മറുപടി നൽകിയത്. 100 വർഷത്തേക്കാണ് ഇന്ത്യയിൽ അണക്കെട്ടുകൾ രൂപകൽപ്പന ചെയ്യുന്നത്. എന്നാൽ ഇവയുടെ യഥാർത്ഥ ആയുസ് കണക്കാക്കാനുള്ള സംവിധാനം നിലവിലില്ലെന്ന് സമിതി ഏപ്രിലിൽ ചൂണ്ടിക്കാട്ടി. 100 വർഷം തികഞ്ഞ ഒരു ഡാം പോലും ഇന്ത്യയിൽ ഡീകമ്മിഷൻ ചെയ്തിട്ടില്ല.