ഉപ്പുതറ പുതുക്കട രണ്ടാം ഡിവിഷനു സമീപം പുലിയെ കണ്ട മേഖലയിൽ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണവും നടത്തി. സമൂഹമാധ്യമങ്ങൾ പ്രചരിച്ച പുലിയുടെ ചിത്രം വ്യാജം
ഉപ്പുതറ പുതുക്കട രണ്ടാം ഡിവിഷനു സമീപം പുലിയെ കണ്ട മേഖലയിൽ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. ബുധനാഴ്ച രാവിലെ തേയിലക്കാടിനു സമീപം നിൽക്കുന്ന പുലിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ
പ്രചരിച്ചതോടെയാണ് ഉദ്യോഗസ്ഥരെത്തി ക്യാമറ സ്ഥാപിച്ചത്. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണവും നടത്തി. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച പുലിയുടെ ചിത്രം കേരളത്തിൽ നിന്നുള്ളതല്ലന്ന് പിന്നീട്സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് നിലക്കൽ സലിലാലും, സുഹൃത്ത് ബേബിയും കൃഷിയിടത്തിൽ പുലിയെ കണ്ടത്. തിങ്കളാഴ്ച രാവിലെയും പുലിയെ കണ്ടെന്ന വാർത്ത പുറത്തു വന്നു. തുടർന്ന് നാട്ടുകാരുടെ
സഹകരണത്തോടെ പ്രദേശത്ത് വിശദമായ തിരച്ചിൽ നടത്തി .സമീപ പ്രദേശങ്ങളിലെല്ലാം പുലിയുടേതെന്നു സംശയിക്കുന്ന കാൽപ്പാടുകൾ ഉണ്ടായിരുന്ന . എന്നാൽ പുലിയെ കണ്ടെത്താനായില്ല. കാൽപ്പാടുകൾ വിദഗ്ധ പരിശോധനക്ക് അയച്ചെങ്കിലും വ്യക്തത ഇല്ലാത്തതിനാൽ പുലിയുടേതാണെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. കാഞ്ചിയാർ ഡപ്യൂട്ടി റേഞ്ച് ഓഫീസർ പി.ഉദയഭാനു , കാക്കത്തോട് സെക്ഷൻ ഫോറസ്റ്റ
ഓഫീസർ കെ അനിൽ, ബി.എഫ്.ഒ. മാരായ ആൽബർട്ട് . കെ സണ്ണി, ടി ടി ഷാജി, എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമറ സ്ഥാപിക്കുകയും, നിരീക്ഷണം നടത്തുകയും ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തി ഭീതി വളർത്തരുതെന്നും, നിയമ നടപടി നേരിടേണ്ടി വരുമെന്നും
റേഞ്ച് ഓഫീസർ അറിയിച്ചു. വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.