'എന്റെ മണ്ണ് എന്റെ രാജ്യം' പരിപാടിയ്ക്ക് തുടക്കമായി
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം -ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തൊടുപുഴയില്‍ സംഘടിപ്പിച്ച 'മേരി മാട്ടി മേരാ ദേശ്' - 'എന്റെ മണ്ണ് എന്റെ രാജ്യം' പരിപാടി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ മങ്ങാട്ടുക്കവലയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി അധ്യക്ഷത വഹിച്ചു. 1977 ല്‍ പട്ടാളത്തില്‍ നിന്ന് വിരമിച്ച തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ ടി. കെ നാരായണപിള്ളയെ പരിപാടിയില്‍ കളക്ടര്‍ ആദരിച്ചു. 1962, 1965,1971 വര്‍ഷങ്ങളില്‍ വിവിധ രാജ്യങ്ങളുമായുള്ള യുദ്ധത്തില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിനടുത്ത് ജില്ലാ കളക്ടര്‍ വൃക്ഷ തൈ നട്ടു. രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യ സുരക്ഷക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓര്‍മയ്ക്കായാണ് വൃക്ഷത്തൈകള്‍ നടുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍, സൈനിക- അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹ്യ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 9 മുതല്‍ 15 വരെ എല്ലാ ഗ്രാമപഞ്ചായത്തുകളിലൂം 75 തരം വൃക്ഷത്തൈകള്‍ നട്ട് അമൃത വാടിക നിര്‍മ്മിക്കും. ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സ്വാതന്ത്ര്യ സമരസേനാനികള്‍, രാജ്യ രക്ഷയ്ക്കായി ധീര രക്തസാക്ഷിത്വം വഹിച്ച സൈനികര്‍, അര്‍ദ്ധ സൈനികര്‍, എന്നിവരുടെ സ്മാരകമായി അമൃത് വാടികയുടെ സമീപമോ പഞ്ചായത്ത് തീരുമാനിക്കുന്ന സ്ഥലത്തോ ശിലാഫലകവും സ്ഥാപിക്കും.
സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാഗങ്ങള്‍, രാജ്യ സുരക്ഷയ്ക്കുവേണ്ടി സുത്യര്‍ഹ്യമായ രീതിയില്‍ പ്രവര്‍ത്തിച്ച സൈനിക അര്‍ദ്ധ സൈനിക സേനാഗംങ്ങള്‍ എന്നിവരെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിക്കും. ചടങ്ങിനോടനുബന്ധിച്ചു ദേശീയ പതാക ഉയര്‍ത്തുകയും പ്രധാനമന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞ (പാഞ്ച് പ്രണ്‍) എടുക്കുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യും. നെഹ്‌റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, വോളണ്ടിയര്‍മാരുടെയും, തൊഴിലുറപ്പു ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ മറ്റു സന്നദ്ധ സഘടന പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടികള്‍ സഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയര്‍ത്തും.
പരിപാടിയില്‍ കൗണ്‍സിലര്‍മാരായ കെ.ദീപക്ക് , ആര്‍. ഹരി, എം.എ കരീം, ശ്രീലക്ഷ്മി സുദീപ്, ജിതേഷ്, പി.ജി രാജശേഖരന്‍, പരിസ്ഥിതി പ്രവര്‍ത്തകനായ എം.എന്‍ ജയചന്ദ്രന്‍ തുടങ്ങി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ , രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍, നെഹ്റുയുവ കേന്ദ്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.