കട്ടപ്പനയിൽ ക്യാൻസർ രോഗനിർണയ കേന്ദ്രം, നഗര ജനകീയകേന്ദ്രം,സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക് എന്നിവയുടെ ഉദ്ഘാടനം നാളെ നടക്കും

ആരോഗ്യ പരിപാലക രംഗത്ത് പുതിയ കാൽവെപ്പുമായി കട്ടപ്പന നഗരസഭ ആരോഗ്യ മേഖലയിൽ മൂന്ന് പുതിയ സ്ഥാപനങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്. നഗരസഭയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയുടെ മേൽനോട്ടത്തിൽ ഇടുക്കി ജില്ലയിൽ ആദ്യമായി ക്യാൻസർ രോഗനിയ കേന്ദ്രം ആരംഭിക്കുകയാണ്.
ക്യാൻസർ രോഗം ഏറ്റവും കൂടുതൽ വ്യാപകമായിരിക്കുന്ന ഹൈറേഞ്ചിൽ രോഗനിർണ്ണയത്തിന് സൗകര്യമില്ലാത്തത് വലിയ വെല്ലുവിളിയാണ്. കേരളത്തിലെ പ്രമുഖ ക്യാൻസർ ചികിത്സ ആശുപത്രികളുടെ സഹകരണത്തോടെ ആരംഭിക്കുന്ന രോഗനിർണയ കേന്ദ്രം ഹൈറേഞ്ചിൽ ക്യാൻസർ രോഗ ചികിത്സാരംഗത്തെ ആദ്യ കാൽവെപ്പാണ്.
നഗരപ്രദേശങ്ങളിൽ സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുവാനും ആരോഗ്യ സേവനങ്ങൾ താഴെത്തട്ടിലുള്ള ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ പ്രാപ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലൂക്ക് ആശുപത്രിയിലൂടെ നൽകിവരുന്നുണ്ട്. നഗരപ്രദേശത്തെ ആരോഗ്യ സേവനങ്ങളുടെ വിടവ് നികത്തുന്നതിന് വേണ്ടി അനുവദിച്ചിരിക്കുന്ന മൂന്ന് നഗര ജനകീയ കേന്ദ്രങ്ങളിൽ മൂന്നാമത്തെ സെൻറും പ്രവർത്തനം ആരംഭിക്കുകയാണ്.
ദന്തൽ ചികിത്സാരംഗത്ത് ജില്ലയിൽ ആദ്യമായി കേന്ദ്രസർക്കാർ സഹകരണത്തോടെ നഗരസഭയുടെ നിയന്ത്രണത്തിൽ സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക്കിന് തുടക്കമാവുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരരുകളുടെ സാമ്പത്തിക സഹായവും ആരോഗ്യവകുപ്പിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രത്യേക പരിഗണനയും ആണ് മൂന്ന് കേന്ദ്രങ്ങൾ ഒരുമിച്ച് പ്രവർത്തനം ആരംഭിക്കുവാൻ കഴിഞ്ഞിരിക്കുന്നത്.
ഇതോടൊപ്പം ഡീൻ കുര്യക്കോസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ മുടക്കി നവീകരിച്ച കട്ടപ്പന മുനിസിപ്പൽ മാർക്കറ്റിന്റെ ഉദ്ഘാടനം നാളെ നടക്കും. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം നിർവഹിക്കും.എംപി ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ മുടക്കി വെള്ളയാംകുടി ഗ്രാമകേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ നടക്കും.
ഇതോടൊപ്പം ക്യാൻസർ രോഗ നിർണയ കേന്ദ്രത്തിൽ വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ തൊടുപുഴ സ്മിത ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ക്യാൻസർ പരിശോധനയും ക്യാമ്പും നടക്കും. തുടർന്ന് എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മണി മുതൽ ഒരു മണി വരെ ക്യാൻസർ രോഗ പരിശോധനയും ഉണ്ടായിരിക്കും.