വിവാദ വാഴ വെട്ടിൽ കർഷകന് മൂന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകും. ചിങ്ങം 1 ന് പണം കൈമാറും
വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുമെന്ന കാരണം പറഞ്ഞ് കുലച്ച വാഴകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ പ്രശ്ന പരിഹാരത്തിന് കെഎസ്ഇബി നീക്കം. മൂന്നര ലക്ഷം രൂപ വാഴകൾ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരം നൽകും. ഇന്ന് കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ചിങ്ങം ഒന്നിന് തന്നെ പണം നൽകുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കോതമംഗലം വാരപ്പെട്ടിയിലാണ് കെഎസ്ഇബി 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷി വെട്ടി നശിപ്പിച്ചത്. ലൈൻ തകരാർ പരിഹരിക്കുന്നതിന് വേണ്ടിയെന്ന് കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാർ കുലച്ച വാഴകൾ വെട്ടിയത്. വാരപ്പെട്ടിയിലെ കാവുംപുറം തോമസിന്‍റെ 406 വാഴകളാണ് വാഴയില തട്ടി ലൈൻ തകരാറായെന്ന കാരണം ചൂണ്ടിക്കാട്ടി കെ എസ് ഇ ബി വെട്ടിക്കളഞ്ഞത്.
വിളവെടുപ്പിന് തയ്യാറായിരുന്ന വാഴകളാണ് വെട്ടിയതെന്നും, കർഷകനെ മുന്‍കൂട്ടി അറിയിക്കാൻ പറ്റിയില്ലെന്നതും നഷ്ടപരിഹാരം നൽകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചെന്ന് മന്ത്രി പറയുന്നു. കർഷകന് ഉണ്ടായ സാമ്പത്തിക നഷ്ടവും കൂടി കണക്കാക്കി മാനുഷിക പരിഗണന നൽകിയാണ് ഒരു പ്രത്യേക കേസായി പരിഗണിച്ച് ധനസഹായം നല്‍കുവാന്‍ തീരുമാനിച്ചത്. പണം ചിങ്ങം ഒന്നിന് തന്നെ തോമസിന് നൽകാൻ കെഎസ്ഇബി എംഡിക്ക് മന്ത്രി നിർദ്ദേശം നൽകി.